ചാറ്റ്ജിപിടിക്ക് പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഓപ്പൺഎഐ ടെക് ഭീമൻമാരായ ഗൂഗിളും മെറ്റായും പിരിച്ചുവിട്ട നിരവധി ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോർട്ട്.
ഓപ്പൺ എഐയിൽ നിലവിൽ 59 മുൻ ഗൂഗിൾ ജീവനക്കാരും 34 മുൻ മെറ്റാ ജീവനക്കാരുമുണ്ടെന്നാണ് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നത്.
ചാറ്റ്ജിപിടിയിൽ വൻ മാറ്റങ്ങൾ വരുമെന്ന് ഈ നീക്കത്തിൽ നിന്ന് പ്രതീക്ഷിക്കാം. ഗൂഗിൾ സേർച്ചിന് വൻ വെല്ലുവിളിയാകുന്ന പദ്ധതികളുമായാണ് ഓപ്പൺഎഐ മുന്നോട്ടുപോകുന്നതെന്ന് ചുരുക്കം.
പരീക്ഷണാത്മക ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി ഉപയോഗിച്ചാണ് ഓപ്പൺഎഐ സാങ്കേതിക രംഗത്തേക്ക് കടന്നുവന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉപയയോക്താവിന്റെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ചാറ്റ്ജിപിടിക്ക് സാധിക്കുന്നുണ്ട്.
നിമിഷങ്ങൾക്കുള്ളിൽ എന്തിനും പരിഹാരം നിർദേശിച്ച് മൈക്രോസോഫ്റ്റ് പിന്തുണയുള്ള ചാറ്റ്ജിപിടി ലോകത്തെ പിടിച്ചുലച്ചു.
വലിയ ടെക് കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടവരെ ഓപ്പൺഎഐ ജോലിക്കെടുക്കുന്നത് ടെക് ഭീമൻമാർക്ക് ഒരു തിരിച്ചറിവായി മാറണമെന്നാണ് പങ്ക്സ് ആൻഡ് പിൻസ്‌ട്രൈപ്‌സിന്റെ സിഇഒ ഗ്രെഗ് ലാർകിൻ പറഞ്ഞത്.
ഗൂഗിൾ, മെറ്റാ, ആപ്പിൾ എന്നിവയുടെ മുൻ ജീവനക്കാർ ഉൾപ്പെടെയുള്ള വലിയൊരു സംഘം ടെക് വിദഗ്ധരാണ് ഓപ്പൺഎഐയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇൻസൈഡർ റിപ്പോർട്ട് പറയുന്നു.
മെറ്റായും ഗൂഗിളും ഈയിടെ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി കൂട്ട പിരിച്ചുവിടലുകൾ നടത്തിയിരുന്നു. മൈക്രോസോഫ്റ്റും ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നുണ്ട്.
അതേസമയം, എഐ രംഗത്ത് ചാറ്റ്ജിപിടിയുടെ സ്രഷ്ടാവായ ഓപ്പൺഎഐയുമായുള്ള പങ്കാളിത്തം മൈക്രോസോഫ്റ്റ് കൂടുതൽ ശക്തമാക്കി.
ഈ മാസം ആദ്യം ചാറ്റ്ജിപിടി സാങ്കേതികവിദ്യ ബിങ് സേർച്ച് എൻജിനിലും എഡ്ജ് ബ്രൗസറിലും വിന്യസിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ പരീക്ഷണങ്ങൾ തുടരുകയാണ്.