ന്യൂഡല്‍ഹി: മാര്‍ച്ച് പാദ വരുമാന സീസണ്‍ അവസാനിക്കുമ്പോള്‍ വിപണി പുനരുജ്ജീവനം ദൃശ്യമാണ്.പണപ്പെരുപ്പത്തിന്റെ ആഘാതം അനുഭവപ്പെടുമ്പോഴും ആഭ്യന്തര ഡിമാന്‍ഡ് ഉയരുന്നു. കോര്‍പറേറ്റ് അടിത്തറ ശക്തമായി.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ കണ്‍സ്യൂമര്‍ സ്റ്റോറി’ ബാങ്കിംഗ്, ഓട്ടോ,ടെലികോം,എഫ്എംസിജി സ്ഥാപനങ്ങളെ തുണച്ചപ്പോള്‍ യുഎസ് സാമ്പത്തിക പ്രതിസന്ധി ഐടി കമ്പനികളെ തളര്‍ത്തുന്നുണ്ട്.
പ്രധാന കമ്പനികളുടെ പ്രകടനം ചുവടെ.
വമ്പന്‍മാര്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് ഇത്തവണയും ദൃശ്യമായത്. ഓയില്‍-ടു-കെമിക്കല്‍സ്, ഡിജിറ്റല്‍, റീട്ടെയില്‍ എഞ്ചിനുകളാല്‍ നയിക്കപ്പെടുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യന്‍ ഇന്‍കോര്‍പറേഷനെ നയിച്ചു. അദാനി എന്റര്‍പ്രൈസസിനെ സംബന്ധിച്ചും മികച്ച പാദമാണ് കടന്നുപോയത്.
ശക്തമായ പ്രവര്‍ത്തന പ്രകടനത്തിന്റെ മികവില്‍ അവര്‍ അറ്റാദായം ഇരട്ടിയിലധികമാക്കി. എന്നിരുന്നാലും, ഷോയിലെ താരങ്ങള്‍ ബാങ്കിംഗ്, സാമ്പത്തിക സ്ഥാപനങ്ങളാണ്. നിരക്ക് വര്‍ദ്ധിക്കുമ്പോഴും ശക്തമായ വിതരണവും ആരോഗ്യകരമായ പലിശ മാര്‍ജിനും സുസ്ഥിരമായ ആസ്തി ഗുണനിലവാരവും അവര്‍ കാത്ത് സൂക്ഷിച്ചു.
പൊതുമേഖല ബാങ്കുകള്‍ക്ക് 1 ലക്ഷം കോടി രൂപ എന്ന അറ്റാദായ കടമ്പ ഭേദിക്കാനായി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 85,390 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ബാങ്ക് വരുമാനത്തിന്റെ പകുതിയും വിപണി ലീഡര്‍ എസ്ബിഐയുടേതാണ്.
റീട്ടെയില്‍ വായ്പ വളര്‍ച്ച കാണിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയാണെന്ന് വിദഗ്ധര്‍ പറയുന്നു.വായ്പകളുടെ വര്‍ധനവ് എഫ്എംസിജി മേഖലയ്ക്ക് ഗുണം ചെയ്തപ്പോള്‍ ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളും വില സമ്മര്‍ദ്ദവവും അളവിനേയും മാര്‍ജിനേയും ബാധിച്ചു.
സിഗരറ്റ് വില്‍പനയില്‍ 12 ശതമാനം വര്‍ദ്ധനവും പകര്‍ച്ചവ്യാധിയ്ക്ക് ശേഷം ഹോട്ടല്‍ വിഭാഗം പുനരുജ്ജീവിച്ചതും കാരണം ഐടിസിയാണ് മേഖലയില്‍ മുന്നില്‍.കോവിഡിന് ശേഷമുണ്ടായ ഡിമാന്റ് വാഹന നിര്‍മ്മാതാക്കളെ സഹായിച്ചപ്പോള്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചും വിലവര്‍ധിപ്പിച്ചും വിതരണ പ്രതിസന്ധികള്‍ മറികടന്നുമാണ് അവര്‍ കുതിച്ചത്.