ന്യൂഡല്‍ഹി: ഓവര്‍നൈറ്റ് കോള്‍ മണി നിരക്ക് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കിനേക്കാള്‍ ഉയര്‍ന്നു. ഇത് ബാങ്കുകളിലെ പണകമ്മിയെ കുറിക്കുന്നു. നിലവില്‍ റിപ്പോ നിരക്കിനേക്കാള്‍ 135 ബേസിസ് പോയിന്റ് കൂടുതലാണ് ഓവര്‍നൈറ്റ് കോള്‍മണി നിരക്ക്.
റിസര്‍വ് ബാങ്ക് ധനനയത്തിലൂടെ ലക്ഷ്യമിടുന്ന വെയ്റ്റഡ് ശരാശരി കോള്‍ റേറ്റ് (ഡബ്ല്യുഎസിആര്‍) ബുധനാഴ്ച 6.87 ശതമാനമായി ക്ലോസ് ചെയ്തു. ഇത് മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കായ 6.75 ശതമാനത്തിന് മുകളിലാണ്. ബാങ്കിംഗ് സംവിധാനത്തിലെ മിച്ച പണലഭ്യത കുറയുന്നതാണ് മണി മാര്‍ക്കറ്റ് നിരക്കിലെ വര്‍ദ്ധനവിന് കാരണം. നികുതിയ്ക്കായുള്ള ഒഴുക്കാണ് പ്രധാനമായും പണകമ്മി സൃഷ്ടിക്കുന്നത്.
മുന്‍കൂര്‍ നികുതികളും ചരക്ക് സേവന നികുതിയും കാരണം സമീപകാലത്ത് ബാങ്കിംഗ് സംവിധാനത്തില്‍ നിന്നും പണമൊഴുക്കുണ്ടായി. ഇതോടെ മിച്ച പണലഭ്യത ഏഴ് ആഴ്ചയിലെ താഴ്ന്ന നിലയിലെത്തി. കടുത്ത നിരക്കുകള്‍ ബാങ്കിംഗ് സംവിധാനത്തിലും സമ്പദ്വ്യവസ്ഥയിലും ഫണ്ടുകളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.
മണി മാര്‍ക്കറ്റ് വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അളവിന് സാക്ഷ്യം വഹിക്കുന്ന ത്രികക്ഷി റിപ്പോ ഇടപാടുകളുടെ നിരക്ക് 6.76 ശതമാനമായി ക്ലോസ് ചെയ്തപ്പോള്‍ മുംബൈ ഇന്റര്‍ബാങ്ക് ഔട്ട്‌റൂട്ട് റേറ്റ് (എംഐബിഒആര്‍) 6.90 ശതമാനമായി ഉയര്‍ന്നു.