ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) ഇന്ത്യൻ വിപണികളിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാക്കി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്‌പിഐ) റൂട്ടിലൂടെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും, ഇന്ത്യൻ ഓവർസീസ് സിറ്റിസൺസിൽ നിന്നും പങ്കാളിത്തം വർധിപ്പിക്കാനുള്ള നിർദ്ദേശത്തിന് സെബി ബോർഡ് അംഗീകാരം നൽകി.
ഇതോടെ ഗിഫ്റ്റ് സിറ്റിയിലെ എഫ്പിഐകൾ വഴി പ്രവാസി ഇന്ത്യക്കാർക്ക് പരിധിയില്ലാതെ ഇന്ത്യൻ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാം. ഇത് ഇന്ത്യൻ വിപണികളിൽ ഇന്ത്യൻ പ്രവാസികളുടെ കൂടുതൽ പങ്കാളിത്തത്തിനിടയാക്കും.
മുൻപ് എൻആർഐകൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യയ്ക്കും എഫ്പിഐ വഴി 50 ശതമാനം വരെ മാത്രമേ നിക്ഷേപിക്കാൻ കഴിയുമായിരുന്നുള്ളൂ.
ഇപ്പോൾ ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയായ ഗിഫ്റ്റ് സിറ്റിയിൽ സജ്ജീകരിച്ചിട്ടുള്ള ആഗോള ഫണ്ടിന്റെ 100 ശതമാനം വരെ എൻആർഐകൾക്ക് സ്വന്തമാക്കാം.
എൻആർഐകൾക്ക് അവരുടെ പണത്തിൻ്റെ വലിയൊരു ഭാഗം ആഗോള ഫണ്ടുകൾ വഴി ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കുന്നതിനുള്ള ഈ നീക്കം ഇന്ത്യൻ ഓഹരി വിപണിയിലേക്ക് ഇന്ത്യൻ പ്രവാസികളിൽ നിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കും.
സുതാര്യത ഉറപ്പാക്കാൻ, ഈ നിയമം വഴി എത്തുന്ന എല്ലാ എൻആർഐകളും, ഒസിഐകളും പാൻ കാർഡുകളും അവരുടെ നിക്ഷേപ തുകയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സെബിക്ക് നൽകേണ്ടതുണ്ട്.