കൊച്ചി: സംസ്ഥാനത്തിന് ഏറ്റവും പറ്റിയ വ്യവസായങ്ങളിലൊന്ന് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണമാണെന്ന് വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച മെഡിക്കല്‍ ഡിവൈസസ് ആന്‍ഡ് ബയോടെക്നോളജി മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ്, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ചികിത്സയ്ക്കായി നിരവധി രോഗികള്‍ കേരളത്തിലേക്കെത്തുന്നുണ്ട്. ഇത് വലിയൊരു അവസരവും അംഗീകാരവുമാണ്.
കേരളത്തിന്‍റെ ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണ സംവിധാനത്തിന്‍റെ മേډയാണ് ഇത് കാണിക്കുന്നത്. മെഡിക്കല്‍ ഉപകരണ വ്യവസായത്തിനും ഇത് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കുറഞ്ഞ മലിനീകരണത്തോത്, ശുദ്ധജലത്തിന്‍റെ ലഭ്യത, മികച്ച നൈപുണ്യ ശേഷി എന്നിവ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് ഏറെ നിര്‍ണായകമാണ്. തിരുവനന്തപുരത്തെ കേരള ലൈഫ് സയന്‍സ് പാര്‍ക്ക്, വെള്ളൂരിലെ കേരള റബര്‍ പാര്‍ക്ക് എന്നിവ മെഡിക്കല്‍ ഉപകരണ വ്യവസായത്തിന് മികച്ച പിന്തുണ നല്‍കും.
റബര്‍ പാര്‍ക്കിന്‍റെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ പാര്‍ക്കിലെ സ്ഥലം പാട്ടത്തിന് നല്‍കുന്ന പ്രക്രിയ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങളുടെ പ്രോത്സാഹനത്തിന് പുതിയ വ്യവസായനയത്തില്‍ 22 മുന്‍ഗണനാ മേഖലകള്‍ സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനു പുറമെ വ്യവസായ മേഖലയ്ക്കായി പരാതിപരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, ഇന്‍ഷുറന്‍സ് തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലിനീകരണ സ്വഭാവമുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിപണിമൂല്യം വര്‍ധിപ്പിക്കല്‍, വിപണനസാധ്യത, വികസനം എന്നിവയ്ക്കാണ് കേരളത്തിന്‍റെ വ്യവസായ മുന്‍ഗണനയെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇതിനകം 29 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രത്യേകമായ പരിഗണന വ്യവസായവകുപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വ്യവസായ നയത്തെക്കുറിച്ചുള്ള അവതരണവും അദ്ദേഹം നടത്തി.
കെഎസ്ഐഡിസി ചെയര്‍മാന്‍ പോള്‍ ആന്‍റണി, എംഡി എസ് ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക്(കെഎല്‍ഐപി) സിഇഒ ഡോ. പ്രവീണ്‍ കെ എസ്, സീനിയര്‍ മാനേജര്‍ ഡോ. സുനിത ചന്ദ്രന്‍, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എം ഡി തോമസ് ജോണ്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.