
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ കോടതിയിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്ഥാനിലുടനീളം പ്രതിഷേധങ്ങളും കലാപങ്ങളും ഇപ്പോഴും തുടരുകയാണ്.
അറസ്റ്റിനെ തുടർന്ന് ചൊവ്വാഴ്ച പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് മുതൽ 1,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
പാർലമെന്റിന്റെ അവിശ്വാസ വോട്ടിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിന് ശേഷം – അഴിമതി, തീവ്രവാദം, മതനിന്ദ തുടങ്ങി നൂറോളം കേസുകൾ ഖാന് എതിരെ ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടെങ്കിലും രാജ്യത്തെ ഏറ്റവും ജനപ്രിയ പ്രതിപക്ഷ നേതാവായി തുടരുന്ന ഖാൻ, പാകിസ്ഥാനിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ മുൻ പ്രധാനമന്ത്രിയാണ്.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന പാകിസ്ഥാന് അറസ്റ്റിനെ തുടർന്ന് ഉണ്ടാകുന്ന കലാപങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്.
പലിശ നിരക്ക് 21 ശതമാനം
പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് സെൻട്രൽ ബാങ്ക് പലിശനിരക്ക് റെക്കോർഡ് 21% ആയി ഉയർത്തിയതിനാൽ വ്യാവസായിക പ്രവർത്തനങ്ങൾ എല്ലാം നിലച്ചിരിക്കുകയാണ്. ഇത് ഇതിനകം തന്നെ ഉയർന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും വഷളാക്കുന്നു.
ഭക്ഷ്യവിലപ്പെരുപ്പം എക്കാലത്തെയും ഉയർന്ന നിരക്കായ 40% ആയി ഉയർന്നതോടെ ഭക്ഷ്യ വിതരണ കേന്ദ്രങ്ങളിലെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും മരിച്ചു.
രാജ്യാന്തര സാമ്പത്തിക സഹായം
ജൂണിൽ കാലാവധി തീരുന്ന ഐഎംഎഫ് ബെയ്‌ലൗട്ട് പ്രോഗ്രാം നവംബർ മുതൽ സ്തംഭിച്ചിരിക്കുകയാണ്. വിദേശനാണ്യ കരുതൽ ശേഖരം 4.457 ബില്യൺ ഡോളറാണ്. കഷ്ടിച്ച് ഒരു മാസത്തെ ഇറക്കുമതിക്ക് മാത്രമാണ് ഇത് തികയുക.
ചൈന, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള കടാശ്വാസം ഇതുവരെ പൂർണമായി യാഥാർത്ഥ്യമായിട്ടില്ല.
ചൈനീസ് കടക്കെണി
രാജ്യാന്തര എജന്‍സികളിലെ കടത്തിന് പുറമെ ഏകദേശം 27 ബില്യൺ ഡോളറിന്റെ ചൈനീസ് കടവും പാക്കിസ്ഥാനുണ്ട്. ഇതിൽ 10 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി കടവും 6.2 ബില്യൺ ഡോളറിന്റെ കടവും പാകിസ്ഥാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചൈനീസ് സർക്കാർ നൽകിയതും ഏകദേശം 7 ബില്യൺ ഡോളറിന്റെ ചൈനീസ് വാണിജ്യ വായ്പകളും ഉൾപ്പെടുന്നു.
കൂടാതെ, ചൈനയുടെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് പാക്കിസ്ഥാന്റെ സെൻട്രൽ ബാങ്കിൽ 4 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം നിക്ഷേപിച്ചിട്ടുണ്ട്.
കാര്യങ്ങൾ തീരുമാനിക്കുന്നത് സൈന്യം
75 വർഷത്തിൽ 30 വർഷത്തിലേറെയായി രാജ്യം ഭരിച്ച ശക്തമായ സൈന്യത്തിന്റെ പിന്തുണയാണ് പാകിസ്ഥാൻ സർക്കാരുകൾ സാധാരണയായി തേടുന്നത്. മൂന്ന് തവണ രാഷ്ട്രീയ അരാജകത്വത്തെ തുടർന്നാണ് സൈനിക അട്ടിമറി നടന്നത്.
ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചതിന് അദ്ദേഹത്തെ അപലപിച്ച് സൈന്യം അപൂർവ പ്രസ്താവന പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഖാന്റെ അറസ്റ്റ്.
ആർമി ചീഫ് കാര്യങ്ങൾ തീരുമാനിക്കുന്ന രാജ്യത്ത് സർക്കാരുകളുടെ തീരുമാനങ്ങൾ കാറ്റിൽ പറക്കുമ്പോൾ പാകിസ്ഥാൻ സമാധാനത്തിലേക്ക് തിരിച്ചെത്തുന്ന കാലം വിദൂരത്തിലാണ്.