ന്യൂഡല്‍ഹി: മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസ്സാക്കി. ധാതു സുരക്ഷ ഉറപ്പാക്കുന്നതിനും ഊര്‍ജ്ജ പരിവര്‍ത്തന പാത സംരക്ഷിക്കുന്നതിനുമാണ് ഭേദഗതി. ധാതു പര്യവേക്ഷണ ലൈസന്‍സ് ബില്‍,അവതരിപ്പിക്കുന്നു.
കൂടാതെ ഖനന ഇളവുകള്‍,സംയോജിത ലൈസന്‍സ് എന്നിവ ലേലം ചെയ്യാന്‍ കേന്ദ്രത്തിന് പ്രത്യേക അധികാരം ലഭ്യമാകും. കല്‍ക്കരി, ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് രാജ്യസഭയില്‍ ബില്ലവതരിപ്പിച്ചത്.
മണിപ്പൂര്‍ വംശീയ കലഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇറങ്ങിപ്പോയെങ്കിലും ശബ്ദവോട്ടോടെ ബില്‍ പാസാക്കി. ജൂലൈ 28 നാണ് ലോക്‌സഭ ബില് പാസാക്കിയത്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ബില് നിയമമാകും.
ഇലക്ട്രിക് വാഹന മേഖലയുടെ മുന്നേറ്റത്തിനുപകരിക്കുന്ന പ്രധാനപ്പെട്ട തീരുമാനമാണിത്.
ഭേദഗതി പ്രകാരം പര്യവേക്ഷണ ലൈസന്‍സ് ലേലം വഴി സ്വന്തമാക്കാനാകും.പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ നിര്‍ദ്ദേശിക്കാനും ഖനനം നടത്താനും കമ്പനികളെ അനുവദിക്കും.
അതേസമയം ആഴത്തില്‍ സ്ഥിതി ചെയ്യുന്നതും പ്രധാന്യമുള്ളതുമായ ധാതുക്കള്‍ക്ക് മാത്രമേ ലൈസന്‍സ് അനുവദിക്കൂ. ചെമ്പ്, ടെല്ലൂറിയം, സെലിനിയം, ലെഡ്, സിങ്ക്, കാഡ്മിയം, ഇന്‍ഡിയം, സ്വര്‍ണ്ണം, വെള്ളി, വജ്രം, റോക്ക് ഫോസ്‌ഫേറ്റ്, അപാറ്റൈറ്റ്, പൊട്ടാഷ്, അപൂര്‍വ എര്‍ത്ത് ഗ്രൂപ്പിലെ മൂലകങ്ങള്‍ എന്നിവ അത്തരം ധാതുക്കളില്‍ ഉള്‍പ്പെടുന്നു. ലിഥിയം, കോബാള്‍ട്ട്, മോളിബ്ഡിനം, റീനിയം, ടങ്സ്റ്റണ്‍, ഗ്രാഫൈറ്റ്, വനേഡിയം, നിക്കല്‍, ടിന്‍, പ്ലാറ്റിനം ഗ്രൂപ്പ് മൂലകങ്ങള്‍, കൊളംബൈറ്റ്, ടാന്റലൈറ്റ്, ലെപിഡോലൈറ്റ്, ഷീലൈറ്റ്, കാസിറ്ററൈറ്റ് തുടങ്ങിയ നിര്‍ണായകവും തന്ത്രപരവുമായ ധാതുക്കളും പട്ടികയുടെ ഭാഗമാണ്.
ലിഥിയം, സ്വര്‍ണം, വെള്ളി, ചെമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൈന്‍സ് ആന്‍ഡ് മിനറല്‍സ് (വികസനവും നിയന്ത്രണവും) നിയമത്തില്‍ 2014 മുതല്‍ വരുത്തുന്ന അഞ്ചാമത്തെ ഭേദഗതിയാണിത്. ധാതുക്കളുടെ ഇ- ലേലം നിര്‍ബന്ധമാക്കാനും ഖനന പാട്ടങ്ങള്‍ നീട്ടാനുമായി നിയമത്തില്‍ നേരത്തെ ഭേദഗതി വരുത്തിയിരുന്നു.