മുംബൈ: യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ഓഹരിവിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ റെക്കോര്‍ഡ് ഉയരം കുറിക്കാന്‍ സ്‌റ്റോക്കിനായി. ചൊവ്വാഴ്ച ആജീവനാന്ത ഉയരത്തിലെത്തിയതിന് ശേഷം ബുധനാഴ്ച വീണ്ടും 1471.50 രേഖപ്പെടുത്തുകയായിരുന്നു.
ഇതോടെ ഈ എഫ്എംസിജി ഓഹരി തുടര്‍ച്ചയായ രണ്ട് ദിവസത്തില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
“പഞ്ചവത്സര ബിസിനസ് പ്ലാന്‍ പങ്കിടാനും നാല് പുതിയ ഐപിഒകള്‍ പ്രഖ്യാപിക്കാനും പതഞ്ജലി ഗ്രൂപ്പിനായി. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പ്രഖ്യാപനം സഹായിക്കുന്നു,” ഓഹരികള്‍ കുതിച്ചുയര്‍ന്നതിനെക്കുറിച്ച് പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവി അവിനാഷ് ഗോരക്ഷകര്‍ പറഞ്ഞു.
“ചാര്‍ട്ട് പാറ്റേണില്‍, ശക്തമായ സാങ്കേതിക ഘടനയാണ് ദൃശ്യമാകുന്നത്. ഗണ്യമായ അളവില്‍ സ്‌റ്റോക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ ആദ്യം 1700 രൂപയും ഹ്രസ്വകാലത്തേക്ക് 1900 രൂപയും ലക്ഷ്യവില നിശ്ചയിക്കുന്നു. പോര്‍ട്ട്‌ഫോളിയോയില്‍ സ്റ്റോക്കുള്ളവര്‍ 1200 സ്‌റ്റോപ്പ് ലോസാക്കി ഹോള്‍ഡ് ചെയ്യണം. സമാന സ്‌റ്റോപ്പ് ലോസില്‍ ഫ്രഷ് വാങ്ങല്‍ നിര്‍ദ്ദേശവും നടത്തുന്നു,” ഐഐഎഫ്എല്‍ സെക്യൂരിറ്റീസിലെ റിസര്‍ച്ച് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത പറഞ്ഞു.
1986 ല്‍ സ്ഥാപിതമായ പതഞ്ജലി ഫുഡ്‌സ് 49227.68 കോടി വിപണി മൂല്യമുള്ള സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. കാര്‍ഷിക സംസ്‌ക്കരണ രംഗത്താണ് പ്രവര്‍ത്തനം. എണ്ണ, ഭക്ഷ്യ എണ്ണയുത്പാദനം, വനസ്ത്പതി, ഭക്ഷ്യ ഉത്പന്നങ്ങള്‍, ഊര്‍ജ്ജ ഉത്പാദനം എന്നിവയാണ് വരുമാന/ സേവന/ ഉത്പന്നങ്ങള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 7370.08 കോടി രൂപയുടെ വരുമാനം നേടി.
മുന്‍പാദത്തേക്കാള്‍ 10.39 ശതമാനം കൂടുതല്‍. നികുതികഴിച്ചുള്ള ലാഭം 241.26 കോടി രൂപയാണ്. അരുണാചല്‍ പ്രദേശില്‍ പാം ഓയില്‍ മില്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. അതിന്റെ കല്ലിടല്‍ ചടങ്ങ് ഈയിടെ നടന്നിരുന്നു.
9 ജില്ലകളിലായി 38,000 ഹെക്ടര്‍ പന പ്ലാന്റേഷന്‍ നടത്താനും പദ്ധതിയുണ്ട്. ഇതോടെ കാര്‍ഷിക രംഗത്ത് പ്രാദേശികമായി വലിയ തൊഴിലവസരങ്ങള്‍ ഇതോടെ സൃഷ്ടിക്കപ്പെടും. പ്രവര്‍ത്തികമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാം പ്ലാന്റേഷണന്‍ കമ്പനിയായി പതഞ്ജലി മാറും.
അരുണാചല്‍ പ്രദേശിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കുതിപ്പ് നല്‍കുന്ന പദ്ധതിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ ഇബിറ്റ 52 ശതമാനം വര്‍ധിപ്പിച്ച് 550 കോടി രൂപയാക്കാന്‍ പതഞ്ജലിയ്ക്കായിരുന്നു. വില്‍പന 37 ശതമാനം കൂടി 7210.97 കോടി രൂപയായി.