ന്യൂഡൽഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 2022 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ 7,963.75 കോടി രൂപയുടെ മൊത്തം വരുമാനം നേടി 26.38 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം ഇതേ കാലയളവിൽ 6,301.19 കോടിയായിരുന്നു വരുമാനം.
2022 ഡിസംബർ 31ന് അവസാനിച്ച ഒമ്പത് മാസ കാലയളവിൽ കമ്പനി മൊത്തം വരുമാനം 23,858.50 കോടി രൂപയും നികുതിക്ക് ശേഷമുള്ള ലാഭം 622.73 കോടി രൂപയും നേടി. യഥാക്രമം 35.50ഉം 8.89 ശതമാനമാണ് വളർച്ച.
ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ പാം പ്ലാന്റേഷൻ കമ്പനികളിലൊന്നാണ് പതഞ്ജലി ഫുഡ്‌സ്. ഓയിൽ പാം ബിസിനസ് വികസിപ്പിക്കുന്നതിലും ഓയിൽ പാമിന്റെ ശേഷി വികസിപ്പിക്കുന്നതിലുമാണ് കമ്പനി ഊന്നൽ നൽകുന്നതെന്ന് അധികൃതർ പറയുന്നു.
അരുണാചൽ പ്രദേശ്, അസം സർക്കാരുമായി നിലവിലുള്ള ധാരണാപത്രങ്ങൾക്ക് പുറമെ ത്രിപുരയും നാഗാലാൻഡ് മിസോറാം സർക്കാരുകളുമായി കമ്പനി ഈയിടെ ധാരണാപത്രത്തിൽ ഏർപ്പെട്ടിരുന്നു.
ഉത്പാദന വർദ്ധനവിനായി ശക്തമായ വിതരണ ചാനലും ഉത്പന്ന ഓഫറുകളും പ്രയോജനപ്പെടുത്തുന്ന പതഞ്ജലി ഫുഡ്സ് 1.5 ലക്ഷം എന്ന എക്കാലത്തെയും ഉയർന്ന പ്രതിമാസ വില്പനയാണ് ഒക്ടോബറിൽ കൈവരിച്ചത്.