
മുംബൈ: 2022 ജൂലൈ-ഓഗസ്റ്റ് കാലയളവിൽ 6 ദശലക്ഷം വായ്പകൾ വിതരണം ചെയ്ത് പേയ്‌മെന്റ് അഗ്രഗേറ്ററായ പേടിഎം. വായ്പ വിതരണത്തിൽ കമ്പനി 246 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വായ്പകളുടെ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 484 ശതമാനം വളർച്ചയോടെ 4,517 കോടി രൂപയായതായി കമ്പനി അതിന്റെ ബിസിനസ്സ് അപ്‌ഡേറ്റിൽ പറഞ്ഞു.
രണ്ട് മാസത്തെ മർച്ചന്റ് പേയ്‌മെന്റ് വോള്യങ്ങൾ അല്ലെങ്കിൽ മൊത്ത വ്യാപാര മൂല്യം (ജിഎംവി) 72 ശതമാനം വർധിച്ച് 2.10 ലക്ഷം കോടി രൂപയായി. ആപ്പ് ഇടപാടുകളിലൂടെയോ പേയ്‌മെന്റ് ഉപകരണങ്ങളിലൂടെയോ സൊല്യൂഷനുകളിലൂടെയോ വ്യാപാരികൾക്ക് നടത്തുന്ന മൊത്തം പേയ്‌മെന്റുകളുടെ മൂല്യത്തെയാണ് ജിഎംവി എന്ന് അറിയപ്പെടുന്നത്.
വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ പരിതസ്ഥിതി അവലോകനം ചെയ്യുന്നതിനായി പങ്കാളികളുമായി തുടർന്നും തങ്ങൾ പ്രവർത്തിക്കുമെന്നും. ഈ ബിസിനസിൽ വിപുലമായ വളർച്ചാ അവസരങ്ങൾ കാണുന്നതായും പേടിഎം പറഞ്ഞു. കമ്പനിയുടെ കണക്കനുസരിച്ച് പേടിഎം സൂപ്പർ ആപ്പ് വർദ്ധിച്ച ഇടപഴകൽ നിരക്കാണ് രേഖപ്പെടുത്തിയത്. ആപ്പിലെ രണ്ട് മാസത്തെ ശരാശരി പ്രതിമാസ ഇടപാട് ഉപയോക്താവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധിച്ച് 78.8 ദശലക്ഷമായി.
ആഗസ്റ്റിൽ കമ്പനി രാജ്യവ്യാപകമായി 4.5 ദശലക്ഷം ഉപകരണങ്ങൾ മർച്ചന്റ് സ്റ്റോറുകളിൽ വിന്യസിച്ചു. 2023 സെപ്തംബറോടെ പേടിഎം ലാഭകരമായ കമ്പനിയാകുമെന്ന് സിഇഒ വിജയ് ശേഖർ ശർമ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 99.67 ശതമാനം ഷെയർഹോൾഡർമാരും ശർമ്മയ്ക്ക് അനുകൂലമായി വോട്ട് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തെ പേടിഎമ്മിന്റെ എംഡി & സിഇഒ ആയി വീണ്ടും നിയമിച്ചിരുന്നു.
പേടിഎമ്മിന്റെ ഓഹരികൾ 1.5 ശതമാനം ഉയർന്ന് 719.45 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.