
മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ അറ്റ നഷ്ടം ഒരു വർഷം മുൻപത്തെ 473 കോടി രൂപയിൽ നിന്ന് 571 കോടി രൂപയായി വർദ്ധിച്ചു.
എന്നിരുന്നാലും മികച്ച വായ്പാ വളർച്ചയുടെ പിൻബലത്തോടെ കമ്പനി വരുമാനത്തിൽ 76% വർധന രേഖപ്പെടുത്തി. ഇത് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിൽ 1,914 കോടി രൂപയായി (233.81 ദശലക്ഷം ഡോളർ) ഉയർന്നതായി പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് പറഞ്ഞു. അതേസമയം ആദ്യ പാദത്തിൽ പേടിഎം രേഖപ്പെടുത്തിയ 88.5% വർധനയേക്കാൾ കുറവാണ് അവലോകന പാദത്തിലെ വരുമാന കുതിപ്പ്.
ജീവനക്കാരുടെ ആനുകൂല്യങ്ങളും പേയ്‌മെന്റ് പ്രോസസ്സിംഗ് ചാർജുകളും സംബന്ധിച്ച ചെലവുകൾ വർധിച്ചതിനാലാണ് അറ്റ നഷ്ട്ടം വർധിച്ചതെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.
കമ്പനിയുടെ പ്രധാന ബിസിനസ്സ് പേയ്‌മെന്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം രണ്ടാം പാദത്തിൽ 55.6% ഉയർന്ന് 1173 കോടി രൂപയായപ്പോൾ ശരാശരി പ്രതിമാസ ഇടപാട് ഉപയോക്താക്കൾ മുൻ വർഷത്തേക്കാൾ 39% വർദ്ധിച്ചു. അതേപോലെ കമ്പനിയുടെ അതിവേഗം വളരുന്ന സാമ്പത്തിക സേവന ബിസിനസിൽ നിന്നുള്ള വരുമാനം ഏകദേശം നാലിരട്ടി വർധിച്ച് 349 കോടി രൂപയായി.
പ്രസ്തുത പാദത്തിൽ വായ്പ വിതരണം 7313 കോടി രൂപയായി ഉയർന്നതായി കമ്പനി അറിയിച്ചു. മർച്ചന്റ് സബ്‌സ്‌ക്രിപ്‌ഷൻ വരുമാനത്തിലെ വർദ്ധനവ്, വളരുന്ന എംടിയൂ, ബിൽ പേയ്‌മെന്റുകളിലെ വളർച്ച, പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പകളുടെ വിതരണത്തിലെ വളർച്ച എന്നിവയാണ് വരുമാന വളർച്ചയ്ക്ക് കാരണമായതെന്ന് പേടിഎം ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.