മുംബൈ: പേടിഎമ്മിന്റെ പിതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സില്‍ ഓഹരി പങ്കാളിത്തം നേടുന്നതിനായി അദാനി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് പേടിഎം നിഷേധിച്ചു. ഈ റിപ്പോര്‍ട്ട് അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് കമ്പനി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.
സെബിയുടെ നിര്‍ദേശ പ്രകാരം ചെയ്യേണ്ട വെളിപ്പെടുത്തലുകള്‍ കൃത്യമായി നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
അതേ സമയം പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ അദാനിയുമായി ചര്‍ച്ച നടത്തിയെന്ന ഇകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്ന വാര്‍ത്താകുറിപ്പിനു ശേഷവും പേടിഎം ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍ തുടരുന്നു.
അഞ്ച് ശതമാനമാണ് ഇന്ന് ഓഹരി വില ഉയര്‍ന്നത്. ഈ ഓഹരിയില്‍ ഒരു ദിവസം അനുവദനീയമായ പരമാവധി വില വ്യതിയാനം അഞ്ച് ശതമാനമാണ്.
പേടിഎം പേമെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഇതേ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു.
ആദിത്യ ബിര്‍ള ഫിനാന്‍സിന് പുറമെ, പിരമല്‍ ഫിനാന്‍സ്, ക്ലിക്‌സ് ക്യാപിറ്റല്‍ തുടങ്ങിയ മറ്റ് വായ്‌പാ ദാതാക്കളും പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആര്‍ബിഐ വിലക്കിയതിനെത്തുടര്‍ന്ന് പേടിഎമ്മുമായുള്ള പങ്കാളിത്തം പിന്‍വലിച്ചത് തിരിച്ചടിക്ക് ആക്കം കൂട്ടി.
ഈ സാഹചര്യത്തില്‍ അദാനി ഗ്രൂപ്പുമായുള്ള പങ്കാളിത്തം പ്രതിസന്ധിയിലായ പേടിഎമ്മിന് തുണയാകുമെന്ന് ഇകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.