
മുംബൈ: പേടിഎം ബ്രാൻഡിന്റെ മാതൃ സ്ഥാപനമായ ഓൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഓഹരി ഉടമകൾ വിജയ് ശേഖർ ശർമ്മയെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാക്കി വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നൽകിയതായി സ്ഥാപനം അതിന്റെ സ്‌ക്രുട്ടിനൈസർ റിപ്പോർട്ടിൽ പറഞ്ഞു..
വെള്ളിയാഴ്ച നടന്ന 22-ാമത് വാർഷിക പൊതുയോഗത്തിന്റെ അജണ്ടയുടെ ഭാഗമായ ശർമ്മയുടെ പുനർനിയമനത്തിനും മറ്റ് നിരവധി പ്രമേയങ്ങൾക്കും എതിരെ വോട്ട് രേഖപ്പെടുത്താൻ നിക്ഷേപകരെ നിക്ഷേപക ഉപദേശക സ്ഥാപനമായ ഐഐഎഎസ് ഉപദേശിച്ചിരുന്നു. കമ്പനിയെ ലാഭത്തിലാക്കാൻ ശർമ്മ മുമ്പ് നിരവധി പ്രതിബദ്ധതകൾ നടത്തിയിരുന്നുവെങ്കിലും അത് നടപ്പിലായില്ലെന്ന് ഐഐഎഎസ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ 99.67 ശതമാനം ഓഹരി ഉടമകൾ ശർമ്മയുടെ പുനർ നിയമനത്തെ അനുകൂലിച്ചപ്പോൾ 0.33 ശതമാനം പേർ മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഷെയർഹോൾഡർമാർ ശർമ്മയുടെയും പേടിഎം പ്രസിഡന്റും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ മധുര് ഡിയോറയുടെ പ്രതിഫലം അംഗീകരിച്ചെങ്കിലും അവരുടെ പുനർ നിയമനത്തിന് സമാനമായ പിന്തുണ ലഭിച്ചില്ല.
ഏകദേശം 94.48 ശതമാനം ഓഹരി ഉടമകൾ ശർമ്മയുടെ പ്രതിഫലത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയും 5.52 ശതമാനം പേർ എതിർക്കുകയും ചെയ്തു. അതേപോലെ ഡിയോറയുടെ പ്രതിഫലം അംഗീകരിക്കുന്നതിനുള്ള പ്രമേയത്തിന്റെ കാര്യത്തിലും സമാനമായ വോട്ടിംഗ് നിലയായിരുന്നു. 94.53 ശതമാനം ഓഹരി ഉടമകൾ ഡിയോറയുടെ പ്രതിഫലത്തെ പിന്തുണച്ചപ്പോൾ 5.47 ശതമാനം പേർ എതിർത്തു.
ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡൈ്വസറി സർവീസസ് (ഐഐഎഎസ്) ശർമ്മയുടെയും ഡിയോറയുടെയും പ്രതിഫലത്തിനെതിരെ വോട്ട് ചെയ്യാനും നിക്ഷേപകരോട് നിർദേശിച്ചിരുന്നു. എല്ലാ എസ് ആന്റ് പി, ബിഎസ്ഇ, സെൻസെക്‌സ് കമ്പനികളുടെ സിഇഒമാരെക്കാളും ശർമ്മയുടെ പ്രതിഫലം കൂടുതലാണെന്നും ഈ കമ്പനികളിൽ ഭൂരിഭാഗവും ലാഭകരമാണെന്നും അവർ അഭിപ്രായപ്പെട്ടു. സ്ഥാപന നിക്ഷേപകർക്ക് പേടിഎമ്മിൽ 6.6 ശതമാനം ഓഹരിയുണ്ട്.