
ന്യൂഡല്‍ഹി: പേടിഎം മാതൃകമ്പനി വണ്‍ 97 കമ്മ്യൂണിക്കേഷന്റെ ഓഹരികള്‍ ചൊവ്വാഴ്ച സര്‍വകാല താഴ്ച വരിച്ചു.പുതിയതായി തുടങ്ങുന്ന ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) പേയ്‌മെന്റ് ഭീഷണിയാകുമെന്ന വിശകലന വിദഗ്ധരുടെ കണ്ടെത്തലാണ് ഓഹരിയ്ക്ക് വിനയായത്. തുടര്‍ന്ന് സ്‌റ്റോക്ക് 11.21 ശതമാനം ഇടിവ് നേരിട്ട് 476.80 രൂപയില്‍ ക്ലോസ് ചെയ്യുകയായിരുന്നു.
സ്ഥാപന നിക്ഷേപകരുടെ പിന്‍മാറ്റം
പ്രീ ഐപിഒ ലോക് ഇന്‍ കാലാവധി കഴിഞ്ഞതു തൊട്ട് ഓഹരി താഴ്ചവരിക്കുകയാണ്. സോഫ്റ്റ് ബാങ്ക് തങ്ങളുടെ പങ്കാളിത്തം കുറച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി.ഇതിനുപുറമെ, മറ്റ് സ്ഥാപന നിക്ഷേപകരും പിന്‍മാറി.
എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് (കേയ്മാന്‍) 2.93 കോടി ഓഹരികള്‍ ശരാശരി 555.67 രൂപ നിരക്കിലാണ് വില്‍പന നടത്തിയത്. മൊത്തം 1,630.89 കോടി രൂപ വിലമതിക്കുന്നതാണ് ഓഹരികള്‍.2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് പേടിഎമ്മില് 11.32 കോടി ഓഹരികള് അഥവാ 17.45 ശതമാനം ഓഹരികളാണ് എസ്വിഎഫിനുള്ളത്.
കൂടുതല്‍ വിറ്റഴിക്കാനാണ് പദ്ധതിയെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെകഴിഞ്ഞ ഒരാഴ്ചയില്‍ 23 ശതമാനം ഇടിവ് സ്‌റ്റോക്ക് നേരിടുകയായിരുന്നു. അതേസമയം,ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ 50.26 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ 60.03 ലക്ഷം ഓഹരികളും സോസൈറ്റ് ജെനറെ ഒഡിഐ 70.85 ലക്ഷം ഓഹരികളും വാങ്ങിയിട്ടുണ്ട്.
മൊത്തം 1005 കോടി രൂപയുടെ ഇടപാടാണ് ഇത്.
സമ്മിശ്ര പ്രതികരണവുമായി അനലിസ്റ്റുകള്‍
മോര്‍ഗന്‍ സ്റ്റാന്‍ലി 785 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഈക്വല്‍ വെയ്റ്റ് റേറ്റിംഗാണ് സ്‌റ്റോക്കിന് നല്‍കുന്നത്. അതേസമയം യെസ് സെക്യൂരിറ്റീസ് ന്യൂട്രല്‍ റേറ്റിംഗ് നല്‍കുന്നു. സിറ്റി റിസര്‍ച്ച് ലക്ഷ്യവില 1055 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ 1100 രൂപ ലക്ഷ്യവിലയില്‍ ഓവര്‍ വെയ്റ്റ് റേറ്റിംഗാണ് ജെപി മോര്‍ഗന്റേത്.
അടുത്ത് തന്നെ ബിസിനസ് ബ്രേക്ക് ഇവിനിലെത്താനുള്ള സാധ്യതയുണ്ടെന്ന് ജെപി മോര്‍ഗന്‍ പറയുന്നു.