മുംബൈ: ഇടപാടിലെ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ഇന്ത്യൻ പേയ്‌മെന്റ് സ്ഥാപനമായ ബിൽഡെസ്കിനെ വാങ്ങാനുള്ള 4.7 ബില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി പേയൂ. കരാറിന് കഴിഞ്ഞ മാസം കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ കരാറിലെ ചില വ്യവസ്ഥകൾ സ്ഥാപനം പാലിച്ചിട്ടില്ലെന്ന് പേയൂ പറഞ്ഞു.
4.7 ബില്യൺ ഡോളറിന് ബിൽഡെസ്കിനെ സ്വന്തമാക്കാൻ പ്രോസസ് എൻവിയുടെ (Prosus) അനുബന്ധ സ്ഥാപനമായ പേയൂ പേയ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും (PayU) ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് പ്രൊവൈഡറായ ബിൽഡെസ്കിന്റെ ഓഹരി ഉടമകളും തമ്മിൽ 2021 ഓഗസ്റ്റ് 31-ന് ധാരണയിലെത്തിയിരുന്നു.
2000-ൽ സ്ഥാപിതമായ ബിൽഡെസ്‌ക് രാജ്യത്തെ ഒരു പ്രമുഖ പേയ്‌മെന്റ് ഡിജിറ്റൽ ബിസിനസ് സ്ഥാപനമാണ്. നിർദ്ദിഷ്ട ഏറ്റെടുക്കൽ നടന്നിരുന്നെങ്കിൽ മൊത്തം പേയ്‌മെന്റ് വോളിയം (TPV) പ്രകാരം ആഗോളതലത്തിലെ മുൻനിര ഓൺലൈൻ പേയ്‌മെന്റ് ദാതാക്കളിൽ ഒരാളായി കമ്പനി മാറിയേനെ.