
മുംബൈ: പെന്നാർ ഗ്രൂപ്പിന് 1167 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായി പെന്നാർ ഇൻഡസ്ട്രീസ് അറിയിച്ചു. ഈ ഓർഡർ വിജയത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 5.84 ശതമാനം ഉയർന്ന് 48 രൂപയിലെത്തി.
പെന്നാർ ഇൻഡസ്ട്രീസ്, സേവൻ ടെക്നോളജീസ്, പെന്നാർ എഞ്ചിനീയർ ബിൽഡിംഗ് സിസ്റ്റംസ് എന്നിവ ഉൾപ്പെടുന്നതാണ് പെന്നാർ ഗ്രൂപ്പ്. സോളാർ ഇപിസി, പിഇബി, അസെന്റ് ബിൽഡിംഗ്സ് (യുഎസ്എ), ഐസിഡി, റെയിൽവേ, ട്യൂബുകൾ, സ്റ്റീൽ എന്നിവയ്ക്കുള്ള ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്.
2022 സെപ്തംബർ മാസത്തിലാണ് നിർദിഷ്ട ഓർഡറുകൾ ലഭിച്ചത്. ഇത് അടുത്ത രണ്ട് പാദങ്ങൾക്കുള്ളിൽ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. കോൾഡ് റോൾഡ് സ്റ്റീൽ സ്ട്രിപ്പുകൾ (സിആർഎസ്എസ്), കോൾഡ് ഫോംഡ് മെറ്റൽ പ്രൊഫൈലുകൾ എന്നിവയുൾപ്പെടെയുള്ള സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പെന്നാർ ഇൻഡസ്ട്രീസ്.