സാധാരണക്കാരെല്ലാം ഇപ്പോൾ ഉപയോഗിച്ചാണ് പണമിടപാടുകൾ മിക്കതും നടത്തുന്നത്. ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുമ്പോഴും, കടകളിൽ പോയി വാങ്ങുമ്പോഴും എല്ലാം യുപിഐ വഴി പണം കൊടുക്കുമ്പോൾ കൂടുതലായി ചെലവഴിക്കാനുള്ള മനോഭാവം ഉണ്ടാകുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കറൻസി നോട്ട് എണ്ണി കൊടുക്കുമ്പോൾ ഉണ്ടാകുന്ന ‘മനോവിഷമം’ യുപിഐ വഴി ഇടപാട് നടത്തുമ്പോൾ ഉണ്ടാകുന്നില്ലെന്ന് അർഥം. ഇന്ത്യയിൽ 74 ശതമാനം പേരും ഇങ്ങനെ യുപിഐ വഴി അമിത ചെലവ് നടത്തുന്നുണ്ടെന്നാണ് ഐ ഐ ടി ഡൽഹി നടത്തിയ ഒരു പഠനം പറയുന്നത്.
അതായത് അറിയാതെ ചെലവ് ചെയ്യാനുള്ള പ്രവണത കൂട്ടാൻ ഡിജിറ്റൽ പണമിടപാടുകൾ കാരണമാകുന്നുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്‌താൽ ഉടനടി പണം നമ്മുടെ അക്കൗണ്ടിൽ നിന്ന് പോകുന്നതും ഒടിപിയോ, ഇന്റർനെറ്റോ വേണ്ടാത്ത പണമിടപാടുകൾ കൂടുന്നതും സൗകര്യം കൂട്ടുന്നതോടൊപ്പം പോക്കറ്റും കാലിയാക്കും എന്ന് ചുരുക്കം.
ഡിജിറ്റൽ ഇന്ത്യ കുത്തുപാളയെടുപ്പിക്കുമോ?
കൂടുതൽ ഇടപാടുകളും ഓൺലൈൻ ആയതോടെ ഓൺലൈൻ കടമെടുപ്പും ഓൺലൈൻ ചെലവുകളും ഓൺലൈൻ ഇടപാടുകളും ‘ഡിജിറ്റൽ ഇന്ത്യയെ’ വളർത്തുകയാണ്.
ഉപഭോക്താക്കളെ ഡിജിറ്റൽ ട്രാൻസാക്ഷൻ പഠിപ്പിച്ചെടുത്താൽ പിന്നെ അവർ അത് വിടില്ല എന്നതു കൊണ്ടാണ് ഒരു രൂപയുടെ ഇടപാട് നടത്തിയാൽ 100 രൂപ ക്യാഷ് ബാക് നൽകാൻ പോലും ഫിൻ ടെക് കമ്പനികൾക്ക് ധൈര്യം കൊടുക്കുന്നത്.
കടമെടുപ്പ് കൂട്ടി ചെലവുകൾ കൂട്ടുന്ന രീതിക്ക് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക് ചില നടപടികൾ ഇപ്പോൾ ആലോചിക്കുന്നുണ്ട്.
1990കളിൽ അല്ലെങ്കിൽ 2000–ൽ പോലും വായ്പകൾ ലഭിക്കുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിൽ ഇന്ന് ആർക്കും വേഗത്തിൽ വായ്പകൾ ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ട്.
ലഭിക്കുന്ന വായ്പകൾ ഉദ്ദേശിച്ച കാര്യത്തിന് ഉപയോഗിക്കാതെ, കൈ അയച്ച് യുപിഐ വഴി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും സാധങ്ങൾ വാങ്ങാനും മറ്റും ചെലവാക്കി തിരിച്ചടക്കേണ്ട സമയത്തു അതിനു വേണ്ടി വേറെ വായ്പയെടുക്കുകയും കടം പെരുകുകയും ആത്മഹത്യകളിലേക്ക് എത്തുന്ന അവസ്ഥ ഉണ്ടാകുകയും നമ്മുടെ സമൂഹത്തിൽ കൂടുന്നുമുണ്ട്.
ഇന്ത്യയിലെ ആളുകളുടെ ഡിജിറ്റൽ ചെലവുകൾ കൂടുന്നതിനാലാണ് വിദേശ കുത്തകകൾ വരെ ഇന്ത്യൻ വിപണിയിലേക്ക് ഓടികൂടുന്നത്.
ചെലവാക്കുന്നതിന് പകരം നിക്ഷേപിച്ചാലോ?
യുപിഐ ഉപയോഗിച്ച് ചെലവാക്കാൻ തിടുക്കം കാണിക്കുന്നത് പോലെ തന്നെ നിക്ഷേപിക്കാനും ശ്രമിച്ചാലോ? അറിയാതെ തന്നെ സമ്പത്ത് കുമിഞ്ഞു കൂടുമെന്നു മാത്രമല്ല നമ്മുടെ സമ്പാദ്യം വളരുന്നത് കാണുമ്പോൾ ഒരു സന്തോഷവും ഉണ്ടാകും.
എത്ര ചെറിയ തുകയുമാകട്ടെ അത് മ്യൂച്ചൽ ഫണ്ടിലേക്ക് നമ്മുടെ അക്കൗണ്ടിൽ നിന്ന് യുപിഐ വഴി നിക്ഷേപിച്ച് ദീർഘകാലത്തെക്ക് സ്വത്ത് സ്വരുകൂട്ടാം.
അടുത്ത പ്രാവശ്യം സ്വിഗിയിലോ സൊമാറ്റോയിലോ ഓർഡർ ചെയ്യുന്നതിനോടൊപ്പം ഒരു 100 രൂപ നിർബന്ധമായി ഒരു മ്യൂച്ചൽ ഫണ്ടിൽ അടച്ചു പോയാൽ തന്നെ അറിയാതെ നമ്മൾ സാമ്പത്തിക സുരക്ഷയിലേക്ക് വളരുന്നത് കാണാം.
ഇന്ത്യയിലെ ഗാർഹിക സമ്പാദ്യത്തിന്റെ തോത് കുറയുന്ന കണക്കുകൾ ഇപ്പോൾ കേന്ദ്ര സർക്കാരിന് തന്നെ തലവേദന ഉണ്ടാക്കി തുടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടി വായിക്കാം.