
ടെക്സസ്: ഒരു മാസം മുന്പ് മാത്രം പുറത്തിറങ്ങിയ ക്രിപ്റ്റോകറൻസിയായ പെപെ കോയിന്‍റെ വിലയിൽ 7,000 ശതമാനത്തിന്‍റെ കുതിപ്പ്.
ഡേറ്റ ട്രാക്കിംഗ് വെബ്സൈറ്റായ കോയിൻ ഗ്രെക്കോയുടെ കണക്കുപ്രകാരം ഈ മാസം അഞ്ചിന് 180 കോടി ഡോളറാണു കോയിന്‍റെ വിപണിമൂല്യം.
ഇന്‍റർനെറ്റിലെ പ്രസിദ്ധ മീമായ ഒരു തവളയുടെ ചുവടുപിടിച്ചാണു പെപെ കോയിന്‍റെ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
മേയ് ആദ്യവാരത്തിൽ 260 കോടി ഡോളറിലേക്കു കോയിന്‍റെ മൂല്യം കുതിച്ചിരുന്നു. അതിനു തൊട്ടുമുന്പത്തെ ആഴ്ചയിൽ 4.08 ലക്ഷം ഡോളറായിരുന്നു കോയിന്‍റെ മൂല്യം. ഇതിനുശേഷം അല്പം തളർന്ന കോയിൻ ഈ മാസം അഞ്ചിന് 60 ശതമാനം ഇടിവോടെ 180 കോടി ഡോളറിലെത്തി.
740 ദശലക്ഷം ഡോളറാണു പെപെ കോയിന്‍റെ നിലവിലെ മാർക്കറ്റ് ക്യാപ്. നിലവിൽ, വിപണിയിലെ ഏറ്റവും മൂല്യംകൂടിയ മൂന്നാമത്തെ ക്രിപ്റ്റോകറൻസിയാണു പെപെ കോയിൻ. ഡോജ്കോയിൻ, ഷിബ ഇനു എന്നിവയാണു മുന്നിൽ. ഡോജ്കോയിന് 1,000 കോടി ഡോളറിന്‍റെയും ഷിബ ഇനുവിന് 500 കോടി ഡോളറിന്‍റെയും മാർക്കറ്റ് ക്യാപ്പുണ്ട്.
പെപെ കോയിന്‍റെ കുതിപ്പ് മീംകോയിനുകളിലുള്ള നിക്ഷേപകരുടെ താത്പര്യം വർധിപ്പിച്ചിട്ടുണ്ട്. പെപെ കോയിന്‍റെ നിർമാതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ട്വിറ്റർ അക്കൗണ്ടുണ്ടെങ്കിലും പ്രതികരണമില്ല.
രണ്ടാമത്തെ വലിയ ബ്ലോക്ക്ചെയിനായ എഥേറിയത്തിലാണ് പെപെ കോയിനു ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നു ഡേറ്റാ ഫേമായ മെസാരി പറയുന്നു.
അതേസമയം, ഈ കോയിൻകൊണ്ട് ഉപയോഗമില്ലെന്നും വാല്യൂ സപ്പോർട്ട് മെക്കാനിസമില്ലെന്നും വിമർശനങ്ങളുമുണ്ട്.