
മുംബൈ: കാർബണേറ്റഡ് ശീതളപാനീയങ്ങൾ, ഫ്രൂട്ട് പൾപ്പ് അല്ലെങ്കിൽ ജ്യൂസ് അധിഷ്ഠിത പാനീയങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി പെപ്‌സികോയുടെ ഓൾ ഇന്ത്യ ഫ്രാഞ്ചൈസിയായ വരുൺ ബിവറേജസ് ലിമിറ്റഡ്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ, അമേഠി, പ്രയാഗ്‌രാജ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്.
പുതിയതായി 5,650 തൊഴിലവസരങ്ങൾ സൃഷ്ഠിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ നാല് പ്ലാന്റുകൾക്കായി മൊത്തത്തിൽ 3,740 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ വരുൺ ബിവറേജസ് ലിമിറ്റഡിന് ഗോരഖ്പൂരിലെ നർകാത്ത ഗ്രാമത്തിൽ 45 ഏക്കർ സ്ഥലം അനുവദിച്ചതായി അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രതമേഷ് കുമാർ പറഞ്ഞു.
ഇവിടെ കമ്പനി പ്ലാന്റിനായി ഏകദേശം 1071. 28 കോടി രൂപയുടെ നിക്ഷേപം നടത്തും. പാനീയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കുപ്പിയിലാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് വരുൺ ബിവറേജസ് ലിമിറ്റഡ്. പെപ്സികോയുടെ പാനീയങ്ങളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ബോട്ടിലിംഗ് കമ്പനിയാണിത്.