സാന്‍ ഫ്രാന്‍സിസ്‌കോ: ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന് അമേരിക്കയില്‍ സമ്പൂര്‍ണ നിരോധനം വരുന്ന സാഹചര്യത്തില്‍ ആപ്പിന്‍റെ യുഎസിലെ ബിസിനസ് ഏറ്റെടുക്കാന്‍ ലയന ശ്രമവുമായി സെര്‍ച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ.
ഇക്കാര്യം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിക്‌ടോക്കും പെര്‍പ്ലെക്സിറ്റി എഐയും മറ്റ് നിക്ഷേപകരും ചേര്‍ന്നുള്ള പുതിയ കണ്‍സോഷ്യം സൃഷ്ടിച്ച് ലയനം സാധ്യമാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
ടിക്ടോക്കിന് അമേരിക്കയില്‍ ഞായറാഴ്‌ച നിരോധനം വരുന്നത് മുന്‍നിര്‍ത്തി ആപ്പിന്‍റെ യുഎസിലെ ബിസിനസ് ഏറ്റെടുക്കാന്‍ എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് അടക്കം നിരവധി അമേരിക്കന്‍ കോടീശ്വരന്‍മാര്‍ രംഗത്തെത്തിയതായി ദിവസങ്ങളായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എഐ സെര്‍ച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി ടിക്ടോക്കിന്‍റെ യുഎസ് ബിസിനസ് സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചതായാണ് പുതിയ സൂചന. പെര്‍പ്ലെക്സിറ്റി മുന്നോട്ടുവെച്ചിരിക്കുന്ന വ്യവസ്ഥകള്‍ പാലിച്ച് കരാറിലെത്താനാണ് ശ്രമം.
ടിക്‌ടോക് വീഡിയോകള്‍ കൂടുതലായി പെര്‍പ്ലെക്സിറ്റിയുടെ സെര്‍ച്ച് എഞ്ചിനില്‍ ഉള്‍പ്പെടുത്താം എന്നതാണ് ഒരു ഓഫര്‍. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസാണ് പെര്‍പ്ലെക്സിറ്റി എഐയുടെ സ്ഥാപകരില്‍ ഒരാളും നിലവിലെ സിഇഒയും. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 2022ലാണ് പെര്‍പ്ലെക്സിറ്റി എഐ സ്ഥാപിച്ചത്.
അതേസമയം നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് തിങ്കളാഴ്‌ച അധികാരത്തിലെത്തിയാല്‍ ടിക്‌ടോക്കിന്‍റെ നിരോധനത്തിന് 90 ദിവസത്തെ ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.
ചൈനീസ് കമ്പനിയായ ബൈറ്റ്‌ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ടിക്‌ടോക്. അമേരിക്കയില്‍ 17 കോടി ഉപഭോക്താക്കള്‍ ഈ ഫോട്ടോ, വീഡിയോ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനുണ്ട്.
2018ലായിരുന്നു അമേരിക്കന്‍ വിപണിയിലേക്ക് ടിക്‌ടോക്കിന്‍റെ രംഗപ്രവേശം. സമ്പൂര്‍ണ നിരോധനത്തിന് മുന്നോടിയായി യുഎസിലെ ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഗൂഗിളും ആപ്പിളും ബൈറ്റ്‌ഡാന്‍സിന്‍റെ ആപ്പുകള്‍ നീക്കം ചെയ്തു.