മുംബൈ: പ്രമുഖ ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയായ പെർസിസ്റ്റന്റ് സിസ്റ്റംസ് ജൂൺ പാദത്തിൽ 40 ശതമാനം വർദ്ധനവോടെ 211.6 കോടി രൂപയുടെ അറ്റാദായം നേടി. പൂനെ ആസ്ഥാനമായുള്ള കമ്പനിയുടെ വരുമാനം 52.7 ശതമാനം ഉയർന്ന് 1,878 കോടി രൂപയായി. പ്രസ്തുത പാദത്തിലെ മൊത്തം കരാർ മൂല്യം 394 മില്യൺ യുഎസ് ഡോളറാണെന്ന് കമ്പനി പറഞ്ഞു. വിപണിയിലെ മാന്ദ്യ ഭീഷണി ഉൾപ്പെടെയുള്ള മാക്രോ സാഹചര്യത്തെക്കുറിച്ച് കമ്പനിക്ക് വലിയ ആശങ്കയില്ലെന്നും, സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും, ബിസിനസ്സ് മുന്നേറ്റത്തിൽ ആത്മവിശ്വാസമുണ്ടെന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സന്ദീപ് കൽറ പറഞ്ഞു.
മാന്ദ്യ സാഹചര്യത്തിലും ഐടി ഓഫ്‌ഷോറിംഗ് കമ്പനികൾ നൽകുന്ന സേവനങ്ങൾ പ്രസക്തമാണെന്നും ഇത് മികച്ച ബിസിനസ് പ്രകടനത്തിന് കാരണമാകുമെന്നും സന്ദീപ് കൽറ കൂട്ടിച്ചേർത്തു. കമ്പനിയുടെ പ്രവർത്തന ലാഭം മുൻ പാദത്തിലെ 17.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 17.7 ശതമാനമായി വർദ്ധിച്ചു. സമീപഭാവിയിൽ അഹമ്മദാബാദ്, കൊച്ചി തുടങ്ങിയ ചെറിയ കേന്ദ്രങ്ങളിൽ വികസന കേന്ദ്രങ്ങൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നു.
ഒരു ഒപിഡി സ്‌പെഷ്യാലിറ്റി കമ്പനിയാണ് പെർസിസ്റ്റന്റ് സിസ്റ്റംസ് ലിമിറ്റഡ്, ഇത് ഉപഭോക്താക്കൾക്ക് ഓഫ്‌ഷോർ ഡെലിവറിയുടെ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. കമ്പനി സോഫ്റ്റ്‌വെയർ സിസ്റ്റങ്ങളും സൊല്യൂഷനുകളും രൂപകൽപ്പന ചെയ്യുകയും വികസിപ്പിക്കുകയും, പുതിയ ആപ്ലിക്കേഷനുകൾ സൃഷ്ടിക്കുകയും നിലവിലുള്ള ഉൽപ്പന്നങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 1.88 ശതമാനം ഉയർന്ന് 3,632.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.