മുംബൈ: അടുത്ത നാല് വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കി 2 ബില്യൺ ഡോളറാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മിഡ്-ടയർ ഐടി കമ്പനിയായ പെർസിസ്റ്റന്റ് സിസ്റ്റംസ് വ്യാഴാഴ്ച അറിയിച്ചു.
നാലു വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയാകാൻ തങ്ങൾ ലക്ഷ്യമിടുന്നതായി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ സന്ദീപ് കൽറ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 1 ബില്യൺ ഡോളറിന്റെ വരുമാനം നേടിയിരുന്നു. കൂടാതെ കഴിഞ്ഞ സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 40 ശതമാനം ഉയർന്ന് 255 ദശലക്ഷം ഡോളറായി വർധിച്ചു.
മൂന്ന് വർഷം മുമ്പ് കമ്പനിയുടെ ത്രൈമാസ വരുമാനം 125 മില്യൺ ഡോളറായിരുന്നുവെന്നും ഇതാണിപ്പോൾ ഇരട്ടിയായതെന്നും കൽറ പറഞ്ഞു. അതേസമയം സേവനങ്ങളുടെ ആവശ്യം ശക്തമായി തുടരുകയാണെന്നും കമ്പനിയുടെ ആക്കം നിലനിർത്താൻ തങ്ങൾ ലക്ഷ്യമിടുന്നതായും അതിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ സാപ്രെ പറഞ്ഞു.
ത്രൈമാസത്തിൽ കമ്പനിക്ക് മൊത്തം 367 മില്യൺ ഡോളർ മൂല്യമുള്ള ഓർഡറുകളാണ് ലഭിച്ചത്. ബിഎസ്‌ഇയിൽ കമ്പനിയുടെ ഓഹരി 0.12 ശതമാനം ഉയർന്ന് 3,668.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്.