ന്യൂഡല്‍ഹി: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അടിക്കടി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും വായ്പ ഡിമാന്റിന് കുറവില്ല. സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സൂചിപ്പിച്ച്, അടച്ചുതീര്‍ക്കാനുള്ള വ്യക്തിഗത വായ്പകള്‍ (Personal Loans) 2022 ഒക്ടോബര്‍ വരെ 37.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക സേവന ദാതാക്കളായ ബാങ്ക്ബസാറാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
മണിമൂഡ് റീട്ടെയില്‍ ക്രെഡിറ്റ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ട് പ്രകാരം, ഈവര്‍ഷം വിതരണം ചെയ്ത വ്യക്തിഗത വായ്പ 9.9 ലക്ഷം കോടി രൂപയുടേതാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 24 ശതമാനം വര്‍ധന. മികച്ച വായ്പാ മാര്‍ഗമായി ക്രെഡിറ്റ് കാര്‍ഡുകള്‍ അവരോധിക്കപ്പെടുന്നതിനും ഈ വര്‍ഷം സാക്ഷിയായി.
ക്രെഡിറ്റ് കാര്‍ഡ് കടം 1.3 ലക്ഷം കോടിയില്‍ നിന്ന് 1.7 ലക്ഷം കോടിയാവുകയായിരുന്നു. 28 ശതമാനം വര്‍ധനവാണിത്. ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് പോലെയുള്ള ഡിജിറ്റല്‍ പേയ്മെന്റ് രീതികള്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ പണമിടപാടുകള്‍ കുറഞ്ഞു.
റീട്ടെയില്‍ വായ്പാ വളര്‍ച്ച ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിരക്ക് വര്‍ധന ശമിക്കുന്നതോടെയാണ് ഇത്. സുരക്ഷിതമല്ലാത്ത ചെറിയ വായ്പകള്‍ വരും സാമ്പത്തികവര്‍ഷത്തില്‍ അതിവേഗം വളരും.
ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചെലവ് ചെയ്യലില്‍ കുതിച്ചുചാട്ടം
ആര്‍ബിഐ കണക്ക് പ്രകാരം, 2022 മെയ് മാസത്തെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 77 ദശലക്ഷമാണ്.2021 മെയ് മാസത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഇത്. 2018 മെയ് മാസത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം കുതിപ്പ്.
ബാങ്ക്ബസാര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് പ്രകാരം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേകിച്ച് കോ-ബ്രാന്‍ഡ് ചെയ്തവയ്ക്ക്, 2022, ബമ്പര്‍ വര്‍ഷമായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിഖ ഏകദേശം 8 കോടി രൂപയിലെത്തി. അഞ്ച് വര്‍ഷത്തില്‍ ഇരട്ടിയായാണ് കുടിശ്ശിക വര്‍ധിച്ചത്.
”ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവ് ചെയ്യല്‍ വര്‍ധിച്ചു. രസകരമെന്നു പറയട്ടെ, എടിഎം പണം പിന്‍വലിക്കല്‍ വലിയ തോതില്‍ കുറയുകയും ചെയ്തു.,” റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിതരണത്തില്‍ 103 ശതമാനം വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിവാര്‍ഡ് കാര്‍ഡുകള്‍ 48 ശതമാനം വളരുകയും പ്രീമിയം കാര്‍ഡുകള്‍ പ്രിയങ്കരമായി തുടരുകയും ചെയ്തു. ഇതോടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചുള്ള ചെലവ് ചെയ്യല്‍ 3 മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു. ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധന കാര്‍ഡുകള്‍ 22 ശതമാനമാണ് കൂടിയത്.
പെട്രോള്‍ വില വര്‍ധിക്കുകയും ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ വീണ്ടും തുറക്കുകയും ചെയ്തതാണ് കാരണം.
ഹോം ലോണ്‍ ട്രെന്‍ഡുകള്‍
ലോക്ക്ഡൗണിന്റെയും മഹാമാരിയുടെയും കാലഘട്ടത്തില്‍ വീടുകള്‍ വാങ്ങാന്‍ ഇന്ത്യക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.ചെലവ് കുറഞ്ഞ വായ്പകളും സര്‍ക്കാര്‍ സബ്സിഡിയുമാണ് സഹായകരമായത്. പലിശ നിരക്കുകള്‍ വര്‍ധിച്ചിട്ടും 2022 ല്‍ ട്രെന്‍ഡ് തുടര്‍ന്നു.
മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഭവനവായ്പകള്‍ 8.4 ശതമാനം വര്‍ധിച്ചതായി ആര്‍ബിഐ ചൂണ്ടിക്കാണിക്കുന്നു. തൊട്ട് മുന്‍പുള്ള ആറ് മാസത്തെ അപേക്ഷിച്ച് വേഗത്തിലാണ് കുതിപ്പ്..
2022 ഡിസംബര്‍ 7 ന് ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ നിരക്ക് 6.25 ശതമാനമായി.