ന്യൂഡൽഹി: പ്രാദേശിക ഇന്ധനവില കുറയുമെന്ന പ്രതീക്ഷയുടെ തെളിച്ചം മങ്ങുന്നു. ആഗോള എണ്ണവില കൂപ്പുകുത്തുമ്പോഴും പ്രാദേശിക ഇന്ധനവില കുറയാത്തതിനുള്ള കാരണങ്ങൾ നിരത്തി എണ്ണക്കമ്പനികൾ.
ഡീസൽ വിൽക്കുന്നതിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾക്ക് ലിറ്ററിന് 3 രൂപയോളം നഷ്ടം വരുന്നുവെന്നും, പെട്രോളിലെ ലാഭം കുറഞ്ഞുവെന്നുമാണ് അവകാശ വാദം. ഇതു കാരണമാണ് ആഗോള എണ്ണവില കുറയുമ്പോഴും പ്രാദേശിക ഇന്ധനവിലയിൽ ഇളവുകൾ അനുവദിക്കാത്തതെന്നു അധികൃതർ വിശദീകരിച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ പൊതുമേഖല കമ്പനികളാണ് ഇന്ത്യൻ ഇന്ധന വിപണിയുടെ 90 ശതമാനവും കൈവശം വച്ചിരിക്കുന്നത്.
പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ ആഗോള വിലകൾക്ക് അനുസൃതമായി സ്വമേധയ നിശ്ചയിക്കാൻ കമ്പനികൾക്ക് അധികാരമുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി ഇവർ റീട്ടെയിൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.
ആഗോള വിപണിയിലെ വിലമാറ്റങ്ങൾക്ക് അനുസൃതമായി ഇവർ നഷ്ടവും, ലാഭവും കൊയ്യുന്നു. എണ്ണ ആവശ്യകതയുടെ 85 ശതമാവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന രാജ്യമാണ് ഇന്ത്യ.
നിലവിലെ സാഹചര്യത്തിൽ ദിവസേനയുള്ള വില പരിഷ്‌കരണത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനങ്ങളെ എണ്ണക്കമ്പനികൾ എതിർക്കുകയാണ്.
രാജ്യാന്തര വില അങ്ങേയറ്റം അസ്ഥിരമാണെന്ന് അവർ വ്യക്തമാക്കുന്നു. കൂടാതെ മുൻകാല നഷ്ടം ഇതുവരെ പൂർണമായി തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുല്ലെന്നും അവർ വാദിക്കുന്നു.
ഡീസൽ നിലവിൽ നഷ്ടത്തിലാണ്. മുമ്പ് ഇതു പോസിറ്റീവ് ആയിരുന്നു. എന്നാൽ ഇപ്പോൾ ലിറ്ററിന് മൂന്നു രൂപയോളം നഷ്ടം നേരിടുന്നുവെന്നു വ്യവസായ ഉദ്യോഗസ്ഥൻ പറഞ്ഞു. പെട്രോളിന്റെ ലാഭവും ലിറ്ററിന് 3- 4 രൂപയായി കുറഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ അല്ല വില നിശ്ചയിക്കുന്നതെന്നും, എല്ലാ സാമ്പത്തിക വശങ്ങളും പരിഗണിച്ച് എണ്ണക്കമ്പനികളാണു തീരുമാനമെടുക്കുന്നതെന്നും ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി എണ്ണ മന്ത്രി ഹർദീപ് സിങ് പുരി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ മൂന്ന് കമ്പനികളും നേടിയ 69,000 കോടി രൂപയുടെ ലാഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും ഈ പ്രവണത തുടർന്നാൽ വില പരിഷ്‌കരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആഗോള എണ്ണവില വർധിച്ച സമയത്ത് റീട്ടെയിൽ ഇന്ധനവില കൂട്ടേണ്ടതില്ലെന്ന് സ്വമേധയാ തീരുമാനിച്ചപ്പോഴാണ് അവർക്ക് നഷ്ടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ റീട്ടെയിൽ ഇന്ധനവില ഉടനെ മാറില്ലെന്ന സൂചനയാണു വിദഗ്ധർ നൽകുന്നത്. അതേസമയം 24 മണിക്കൂറിനിടെ ആഗോള എണ്ണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി.
ബ്രെന്റ് ക്രൂഡ് ബാരലിന് 0.79 ശതമാനം വില വർധിച്ച് 79.21 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 0.20 ശതമാനം വില കൂടി 74.01 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.