യുഎസ് ഫെഡ് റിസർവ്(US Fed Reserve) നിരക്കു കുറയ്ക്കൽ പ്രഖ്യാപനത്തെ തുടർന്ന് നേരിയ നേട്ടമുണ്ടാക്കിയ എണ്ണ(Oil) റേഞ്ച് ബൗണ്ടഡ് നീക്കങ്ങളിൽ തുടരുന്നു. ഒരുവശത്ത് ഡിമാൻഡ് ആശങ്കകൾ ശക്തമായി തുടരുന്നത് എണ്ണയുടെ മുന്നേറ്റങ്ങൾക്ക് തടയിടുന്നു.
കഴിഞ്ഞ കുറച്ച് സെഷനുകളായി ആഗോള എണ്ണവില(Global Crude Price) 73- 75 ഡോളറിനിടയിൽ കുടങ്ങിയിരിക്കുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 74.57 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.05 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്്.
യുഎസ് ഫെഡിന്റെ 50 ബേസിസ് പോയിന്റിന്റെ നിരക്കു കുറയ്ക്കൽ എണ്ണ ആവശ്യകത വർധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ആഗോളതലത്തിൽ ഇപ്പോഴും നിലനിൽക്കുന്ന മാന്ദ്യ സൂചനകൾ വിലയിരുത്തലുകൾക്കു മേൽ കരിനിഴൽ വീഴ്ത്തി.
നിരക്കു കുറയ്ക്കൽ ഡോളറിനെ തളർത്തുന്നതാണ്. ഡോളർ തളരുന്നത് സ്വാഭാവികമായും രാജ്യങ്ങളുടെ എണ്ണവാങ്ങൽ ചെലവ് കുറയ്ക്കും. എന്നാൽ എന്നിട്ടും ആവശ്യകതയിൽ പ്രതീക്ഷ മുന്നേറ്റം ഉണ്ടായിട്ടില്ല.
ചൈനയിൽ നിന്ന് ചില പോസിറ്റീവ് റിപ്പോർട്ടുകൾ പുറത്തുവരുന്നുവെങ്കിലും കാര്യങ്ങൾ ഇതുവരെ എണ്ണയ്ക്ക് അനുകൂലമല്ല. അതേസമയം എണ്ണവില താഴെ തുടരുന്നത് ഇന്ത്യയടക്കമുള്ള മുൻനിര ഇറക്കുമതിക്കാർക്ക് അനുകൂലമാണ്.
ഡോളറിന്റെ കരുത്തുകൂടി കുറഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നുവെന്നാണ് വിവരം. 80 ഡോളറിൽ താഴെയുള്ള ഏതൊരു നിലവാരവും ഇന്ത്യയ്ക്ക് നേട്ടമാണെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.
ആഗോള എണ്ണവില താഴ്ന്നിരിക്കുന്നതിനാൽ വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ഒഴുക്കും വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികൾ അവരുടെ റിസർവുകൾ ഫിൽ ചെയ്യുന്ന തിരക്കിലാണ്.
നിലവിലെ നിരക്കിളവുകൾക്ക് അധിക നാൾ ആയുസ് ഉണ്ടാകില്ലെന്ന വിലയിരുത്തലാണുള്ളത്. അതിനാൽ തന്നെ എണ്ണക്കമ്പനികൾ തന്ത്രപരമായി കളിക്കുന്നു. റഷ്യൻ എണ്ണയുടെ വാങ്ങലുകളും വർധിച്ചിട്ടുണ്ട്. പക്ഷെ ഇതു എത്രമാത്രം എന്നറിയാൻ ഈ മാസത്തെ കണക്കുകൾ പുറത്തുവരേണ്ടതുണ്ട്.
ആഗോള എണ്ണവില വർധനകാലത്ത് കമ്പനികൾക്കുണ്ടായ മാർജിൻ നഷ്ടങ്ങൾ ഇതോടകം കമ്പനികൾ മറികടന്നു കഴിഞ്ഞുവെന്നാണ് വിവരം. എന്നിട്ടും രാജ്യത്ത് കമ്പനികൾ പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നില്ല.
ആഗോള എണ്ണവിലയിലെ ഇടിവ് തുടർന്നാൽ ഇന്ധനവില അധികം വൈകാതെ കുറഞ്ഞേക്കുമെന്നു വിലയിരുത്തലുകളുണ്ട്. അതേസമയം അടുത്ത ഒപെക്ക് പ്ലസ് യോഗം വരെ ഇളവുകളെ പറ്റി കൂടുതൽ ചിന്തിക്കേണ്ടെന്ന് ചില വിദഗ്ധർ പറയുന്നു.
വരുന്ന ഒപെക്ക് യോഗം ആഗോള എണ്ണവില ഉയർത്താൻ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. അടുത്ത മാസം മുതൽ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഉൽപ്പാദനം പുനഃരാരംഭിക്കൽ ഇതോടകം കൂട്ടായ്മ രണ്ടു മാസത്തേയ്ക്ക് ഔദ്യോഗികമായി തള്ളിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഈ വർഷം ഉൽപ്പാദനം വർധിപ്പിക്കാനുള്ള സാധ്യതയില്ല. എണ്ണവില ഉയർത്താനുള്ള കൂട്ടായ്മയുടെ നടപടികളാണ് ഇനി അറിയേണ്ടത്.