റഷ്യയിൽ നിന്ന് യുക്രൈൻ വഴി യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം സ്ഥിരത പുലർത്തുന്നതായി റിപ്പോർട്ടുകൾ.
ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം നില നിൽക്കുന്നതിനിടയിലും സപ്ലൈ സ്ഥിരത പുലർത്തുന്നു, ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മാത്രം റഷ്യൻ ഗ്യാസ് കമ്പനിയായ ഗാസ്പ്രോം, യുക്രൈനിലൂടെ 42.4 മില്യൺ ക്യുബിക് മീറ്റർ ഗ്യാസാണ് വിതരണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വാരത്തിന്റെ അവസാനവും ഇതേ തോതിലുള്ള സപ്ലൈയാണ് നടന്നത്.
യുക്രൈൻ വഴി വാതക വിതരണം നടത്തുന്നതിനുള്ള റഷ്യയുടെ കരാർ 2024 ഡിസംബർ 31ന് അവസാനിക്കും. ഈ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ചകൾ നടന്നിട്ടില്ലെന്ന് യുക്രൈൻ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം നില നിൽക്കുന്ന സാഹചര്യത്തിൽ ഈ കരാർ പുതുക്കുമോ എന്നതിൽ വ്യക്തതയില്ല.
അതിനിടെ ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ളതിൽ ഏറ്റവും കൂടുതൽ ഇറക്കുമതിയാണ് നടന്നിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്തംബര് മാസത്തിൽ പ്രതിദിനം 11.4 മില്യൺ ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ചൈന നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി നടത്തുന്ന രാജ്യം കൂടിയാണ് ചൈന.
ആഗോള തലത്തിൽ സെപ്തംബർ ആദ്യ വാരം ഇന്ധന വില കുറഞ്ഞു നിന്നിരുന്നു.
ഇക്കാരണത്താലാണ് ചൈന കൂടുതൽ ഇറക്കുമതി നടത്തിയതെന്നാണ് വിലയിരുത്തൽ. സെപ്തംബ്‍ 10ാം തിയ്യതി, നാളുകൾക്ക് ശേഷം ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിന് താഴേക്ക് പോയിരുന്നു.
അതേ സമയം ചൈനയിൽ നിന്നുള്ള ഡിമാൻഡ് പൂർവ്വാധികം ശക്തിയോടെ തിരിച്ചു കയറുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഈ വർഷം, പല മാസങ്ങളിലും വിപണി പ്രവചനങ്ങളേക്കാൾ താഴ്ന്ന നിലയിലാണ് ചൈനീസ് ഓയിൽ ഡിമാൻഡ് നില കൊണ്ടത്.
2023 സെപ്തംബർ മാസത്തെ അപേക്ഷിച്ച് ചൈനയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ താമസം നേരിട്ടതായും കണക്കുകൾ സൂചന നൽകുന്നു. കഴിഞ്ഞ മാസം ചൈന പ്രതിദിനം ആകെ 10.53 മില്യൺ ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്.