മുംബൈ: പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‌സി) 2022 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ ലാഭം രേഖപ്പെടുത്തി. 5,229 കോടി രൂപയാണ് ഈ കാലയളവിലെ കമ്പനിയുടെ ലാഭം. മുൻവർഷത്തെ ഇതേകാലയളവിൽ കമ്പനി 5,023 കോടി രൂപയുടെ ലാഭം നേടിയിരുന്നെന്ന് ബിഎസ്ഇ ഫയലിംഗ് കാണിക്കുന്നു.
മൊത്ത വരുമാനം 2021 സെപ്റ്റംബർ പാദത്തിലെ 19,282.60 കോടി രൂപയിൽ നിന്ന് 19,344.39 കോടി രൂപയായി ഉയർന്നു. കൂടാതെ കമ്പനിയുടെ ബോർഡ് 2022-23 സാമ്പത്തിക വർഷത്തേക്ക് ഓഹരിയൊന്നിന് 3 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.
2023 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഗ്രൂപ്പ് 9,809 കോടിയുടെ ലാഭം റിപ്പോർട്ട് ചെയ്തു. ഇത് മുൻ വർഷം ഇതേ കാലയളവിൽ 9,578 കോടി രൂപയായിരുന്നു. അതേപോലെ പിഎഫ്‌സിയുടെ ഏകീകൃത ആസ്തി ഒരു ലക്ഷം കോടി രൂപ കടന്ന് 1,02,280 കോടി രൂപയായി. ഇത് ഗ്രൂപ്പിന്റെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുകയും ഭാവിയിലെ ബിസിനസ് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
മൊത്തം എൻപിഎ 5.17 ശതമാനത്തിൽ നിന്ന് 4.38 ശതമാനമായി കുറഞ്ഞു. ഒപ്പം അറ്റ എൻപിഎ അനുപാതത്തിലും 45 ബേസിസ് പോയിന്റ് കുറവ് രേഖപ്പെടുത്തി. പിഎഫ്‌സി ഗ്രൂപ്പ് ഇപ്പോൾ ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക് മേഖലകളിലേക്ക് കുടി അതിന്റെ സേവനങ്ങൾ വിപുലീകരിച്ചു.