ന്യൂഡല്‍ഹി: എംഎസ്എംഇകളുടെ കറന്റ് അക്കൗണ്ടിന് നല്കുന്ന പലിശ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടേതിന് തുല്യമാക്കണമെന്ന് പിഎച്ച്ഡി ചേംബര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ചേംബര്‍ ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യ്ക്കും നിവേദനം സമര്‍പ്പിച്ചു. എംഎസ്എംഇകള്‍ രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വളരെയധികം സംഭാവന നല്‍കുന്നുണ്ടെന്നും ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളില്‍ സംരഭകത്വം വളര്‍ത്തുന്നുണ്ടെന്നും പിഎച്ച്ഡി പറയുന്നു.
പ്രധാന പൊതു,സ്വകാര്യമേഖല ബാങ്കുകളിലെ എംഎസ്എംഇ കറന്റ് അക്കൗണ്ടുകളില്‍ ഗണ്യമായ തുക ബാലന്‍സുണ്ട്. അതേസമയം ഇവയ്ക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ അനുവാദവുമില്ല. ഈ സാഹചര്യത്തിലാണ് ചേംബര്‍ കറന്റ് അക്കൗണ്ടിന് കൂടുതല്‍ പലിശ ആവശ്യപ്പെടുന്നത്.
കറന്റ് അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലന്‍സുകളില്‍ ഗണ്യമായ പലിശ ആനുകൂല്യം നഷ്ടപ്പെടുന്നു. ഇതോടെ എംഎസ്എംഇ ഫണ്ടുകള്‍ കറന്റ് അക്കൗണ്ടുകളില്‍ നിഷ്ക്രിയമായി തുടരുകയാണ്. മാത്രമല്ല അതിന്റെ ആനുകൂല്യം ബാങ്കുകള്‍ ആസ്വദിക്കുന്നു.
അതേസമയം മിനിമം പരിധി നിലനിര്‍ത്താത്തതിന് കറന്റ് അക്കൗണ്ടുകള്‍ക്ക് നിരക്ക് ഈടാക്കുന്ന പ്രവണതയുമുണ്ട്. ബിസിനസ്സ് സംരംഭങ്ങളുടെ 99 ശതമാനവും എംഎസ്എംഇകളാണെന്നും നിവേധനം ചൂണ്ടിക്കാട്ടി. അതിനാല്‍ മേഖലയുടെ കറന്റ് അക്കൗണ്ട് വിഹിതം വളരെ വലുതാണ്.
കറന്റ് അക്കൗണ്ടുകള്‍ക്ക് പലിശ നല്‍കാതെ ബാങ്കുകള്‍ ഗണ്യമായ ലാഭം നേടിയിട്ടുണ്ടെന്നും പിഎച്ച്ഡി ചേംബര്‍ പറഞ്ഞു. 1905 ല്‍ സ്ഥാപിതമായ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയ്ക്ക് നിരവധി സംസ്ഥാനങ്ങളിലും ശാഖകളുണ്ട്.