ബെംഗളൂരു: ഡിജിറ്റല്‍ പേയ്മെന്റുകളും സാമ്പത്തിക സേവനങ്ങളും പ്രദാനം ചെയ്യുന്ന യൂണികോണ്‍, ഫോണ്‍പേ ജനറല്‍ അറ്റ്ലാന്റിക്കില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ കൂടി സമാഹരിച്ചു. 12 ബില്യണ്‍ ഡോളറിന്റെ പ്രീ-മണി മൂല്യനിര്‍ണ്ണയത്തില്‍ 1 ബില്യണ്‍ ഡോളര്‍ ഫണ്ടിംഗ് റൗണ്ടിലായിരുന്നു സമാഹരണം. ഏപ്രിലില്‍
12 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ 100 മില്യണ്‍ ഡോളര്‍ ഫോണ്‍ പേ നേടിയിരുന്നു.
അതിനുമുന്‍പ്, ജനുവരിയില്‍, 1 ബില്യണ്‍ ഡോളറും നേടി. ഏറ്റവും വലിയ ഓഹരി ഉടമയായ വാള്‍മാര്‍ട്ടില്‍ നിന്ന് 200 മില്യണ്‍ ഡോളറും ജനറല്‍ അറ്റ്‌ലാന്റിക്ക് 350 മില്യണ്‍ ഡോളറും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ്, റിബിറ്റ് ക്യാപിറ്റല്‍, ടിവിഎസ് ക്യാപിറ്റല്‍ എന്നിവയില്‍ നിന്ന് 100 മില്യണ്‍ ഡോളറും ഫിന്‍ടെക് യൂണികോണിലേയ്ക്ക് ഒഴുകി.
പെയ്മന്റ് ഇന്‍ഷുറന്‍സ് ബിസിനസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വായ്പ, സ്റ്റോക്ക് ബ്രോക്കിംഗ്, ഒഎന്‍ഡിസി (ഡിജിറ്റല്‍ കൊമേഴ്‌സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക്) അധിഷ്ഠിത ഷോപ്പിംഗ്, അക്കൗണ്ട് അഗ്രഗേറ്ററുകള്‍ തുടങ്ങിയ പുതിയ ബിസിനസുകള്‍ ആരംഭിക്കുന്നതിനും ഫണ്ട് ഉപയോഗപ്പെടുത്തും.
12 ബില്യണ്‍ ഡോളറിന്റെ മൂല്യത്തില്‍ ജനറല്‍ അറ്റ്ലാന്റിക്കില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പുതിയ ധനസമാഹരണം നടത്താന്‍ നോക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ഷിക പേയ്‌മെന്റ് മൂല്യം 1 ട്രില്യണ്‍ ഡോളര്‍ അഥവാ 84 ലക്ഷം കോടി രൂപയായെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഫോണ്‍പേ പ്രഖ്യാപിക്കുകയും ചെയ്തു.യുപിഐ ഇടപാടുകളിലെ മേധാവിത്തമാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
ടയര്‍ 2, 3, 4 നഗരങ്ങളിലും അതിനപ്പുറത്തും കേന്ദ്രീകരിച്ചിരിക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്‌ലൈന്‍ വ്യാപാരികളെ ഡിജിറ്റല്‍വത്ക്കരിച്ചു. ‘1-ട്രില്യണ്‍ ഡോളര്‍ വാര്‍ഷിക ടിപിവി റണ്‍ റേറ്റിലെത്തുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. യുപിഐ’ലൈറ്റ്’, ‘യുപിഐ ഇന്റര്‍നാഷണല്‍’, ‘യുപിഐ ഓണ്‍ ക്രെഡിറ്റ്’ തുടങ്ങിയവ ഉപയോഗിച്ച് യുപിഐ തരംഗത്തെ അടുത്തഘട്ടത്തിലേയ്ക്ക് നയിക്കാമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവഴി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കാനാകും,” ഫോണ്‍പേ കണ്‍സ്യൂമര്‍ ബിസിനസ്സ് മേധാവി സോണിക ചന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.
യുപിഐ ഇടപാടുകളുടെ 50 ശതമാനം തങ്ങള്‍ വഴിയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ് തുടങ്ങിയ പുതിയ ബിസിനസുകളില്‍ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. പെയ്മന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായതായും കമ്പനി അറിയിച്ചു.
ഇ-കൊമേഴ്‌സ് പ്രമുഖരായ ഫ്ലിപ്കാര്‍ട്ടില്‍ നിന്നും ഡിസംബറിലാണ് കമ്പനി വിഭജിക്കപ്പെട്ടത്.
ഇതോടെ പൂര്‍ണ്ണമായും ഇന്ത്യ ആസ്ഥാനമായ സ്വന്തന്ത്ര കമ്പനിയായി ഫോണ്‍പെ മാറി. 2017 ലാണ് കമ്പനി സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. ബില്‍, യൂട്ടിലിറ്റി പേയ്‌മെന്റുകള്‍ എന്നിവയ്ക്ക് പുറമേ സ്വര്‍ണ്ണം, ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ വാങ്ങാന്‍ പ്ലാറ്റ്‌ഫോം വഴി സാധിക്കും.
കഴിഞ്ഞ വര്‍ഷം, കമ്പനി ജിഗ് ഇന്ത്യ,വെല്‍ത്ത് ഡെസ്‌ക്ക്, ഓപണ്‍ ക്യു എന്നിവയെ ഏറ്റെടുത്തു. ഇന്‍ഡസ് ഒഎസിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനും കമ്പനിയ്ക്കായി.