
മുംബൈ: 2022 സെപ്റ്റംബർ 6 ന് ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതല ഏറ്റെടുത്ത് ഏവിയേഷൻ ഇൻഡസ്ട്രിയിലെ അതികായനായ പീറ്റർ എൽബേഴ്സ്. സ്ഥാനമൊഴിയുന്ന സിഇഒ റോണോജോയ് ദത്തയുടെ പകരക്കാരനായിയാണ് എൽബേഴ്സ് കമ്പനിയിൽ ചേർന്നത്.
കെഎൽഎം റോയൽ ഡച്ച് എയർലൈൻസിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവായ എൽബേഴ്‌സിനെ 2022 മെയ് 18-ന് ഇൻഡിഗോ അടുത്ത സിഇഒ ആയി നാമകരണം ചെയ്തിരുന്നു. 2014 മുതൽ അദ്ദേഹം കെഎൽഎമ്മിന്റെ തലപ്പത്താണ്. ഒപ്പം 52-കാരനായ അദ്ദേഹം എയർ ഫ്രാൻസിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
1992-ൽ കെഎൽഎമ്മിൽ തന്റെ കരിയർ ആരംഭിച്ച എൽബേഴ്‌സ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നെതർലാൻഡ്‌സ് ജപ്പാൻ, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ കമ്പനിയുടെ നിരവധി മാനേജർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. എൽബേഴ്‌സ് ചുമതലയേറ്റതോടെ ഇൻഡിഗോയുടെ സിഇഒ ആയിരുന്ന ദത്തയുടെ മൂന്ന് വർഷത്തെ കാലാവധി ഔപചാരികമായി അവസാനിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം 2022 ജൂലൈയിൽ എയർലൈൻ 57.11 ലക്ഷം യാത്രക്കാരെ വഹിച്ചു. കൂടാതെ കമ്പനിക്ക് 58.8 ശതമാനത്തിന്റെ ആഭ്യന്തര വിപണി വിഹിതമുണ്ട്.