ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ജൂലൈ 10-11 തീയതികളില്‍ യുകെ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇഎഫ്ടിഎ) അംഗരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായുള്ള വ്യാപാര ഉടമ്പടിയുടെ പുരോഗതി ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇന്ത്യയും യുകെയും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന എഫ്ടിഎ ചര്‍ച്ചകളിലും മന്ത്രി പങ്കെടുക്കുമെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയും യുകെയും തങ്ങളുടെ സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ആരായുന്നതിന് പ്രതിജ്ഞാബദ്ധരായതിനാല്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ഗോയല്‍ യുകെ സന്ദര്‍ശിക്കുന്നത്.
”എഫ്ടിഎ ചര്‍ച്ചകള്‍ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും അതുവഴി സാമ്പത്തിക വളര്‍ച്ചയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ നടത്തുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായാണ് ഗോയലിന്റെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്.
ആത്യന്തികമായി സമഗ്രവും പരസ്പര പ്രയോജനകരവുമായ കരാറിന് വഴിയൊരുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറെയാണ്. സന്ദര്‍ശന വേളയില്‍, അന്താരാഷ്ട്ര വ്യാപാര സ്റ്റേറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള യുകെ പ്രതിനിധികളുമായും വിവിധ മേഖലകളിലെയും വ്യവസായങ്ങളിലെയും പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
‘വ്യാപാര തടസങ്ങള്‍ പരിഹരിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യ, നവീകരണം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം വളര്‍ത്തിയെടുക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ചര്‍ച്ചകളും നടക്കുമെന്ന് പ്രസ്താവന പറയുന്നു.
ട്രേഡ് ആന്റ് ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റിലെ (ഇഎഫ്ടിഎ) അംഗങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ത്യയും ഇഎഫ്ടിഎ അംഗരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനും നിക്ഷേപം ഉയര്‍ത്താനും വ്യാപാര തടസങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ വിപണി പ്രവേശനത്തിനും അനുകൂലമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും ചര്‍ച്ചകള്‍ നടക്കും.
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2021 ജനുവരി 13-ന് ആരംഭിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ പത്ത് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2021-22ല്‍ 17.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23ല്‍ 20.36 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
റെഡിമെയ്ഡ് വസ്ത്രങ്ങളും തുണിത്തരങ്ങളും, രത്‌നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ് സാധനങ്ങള്‍, പെട്രോളിയം, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയാണ് യുകെയിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി.
സേവന മേഖലയില്‍, ഇന്ത്യന്‍ ഐടി സേവനങ്ങളുടെ യൂറോപ്പിലെ ഏറ്റവും വലിയ വിപണിയാണ് യുകെ.