തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിലെ ഡീസൽ എൻജിൻ മാറ്റി മോട്ടോറും ബാറ്ററിയും ഘടിപ്പിച്ച് ഇ- വാഹനങ്ങളാക്കാനുള്ള നീക്കം ധനവകുപ്പിന്റെ കടുംപിടിത്തതിൽ മുടങ്ങി.
മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ പദ്ധതിക്കുള്ള അന്തിമരൂപരേഖ തയ്യാറായെങ്കിലും തുക അനുവദിച്ചതിലെ പിഴവ് പരിഹരിക്കാൻ കഴിയാത്തതാണ് തടസ്സമായത്.
കോളേജിന് സർക്കാർ അനുവദിച്ച 90 ലക്ഷം രൂപയും മോട്ടോർ വാഹനവകുപ്പിന്റെ ഇ-മൊബിലിറ്റിയിൽപ്പെട്ട 30 ലക്ഷം രൂപയുമാണ് ഇ-ബസ് പദ്ധതിക്കായി വകയിരുത്തിയത്.
കെ.എസ്.ആർ.ടി.സി. ഉപേക്ഷിച്ച ഒരു മിനിബസ് കോളേജിന് നൽകാനും ധാരണയായി. 2021-ൽ ആരംഭിച്ച പദ്ധതിയിൽ ബസിൽ വരുത്തേണ്ട മാറ്റങ്ങളുടെ അന്തിമരൂപരേഖയും തയ്യാറാക്കി.
ഇ-വാഹന രൂപകല്പനയ്ക്കുവേണ്ട അത്യാധുനിക സോഫ്റ്റ്വേറുകളും ലാബും ഇതിനിടെ സജ്ജമായി. യോജ്യമായ ബാറ്ററി, കൺട്രോൾ യൂണിറ്റ്, മോട്ടോർ എന്നിവ കണ്ടെത്തുകയും ചെയ്തു. ഇവ വാങ്ങുന്നതിന് ടെൻഡർ വിളിക്കാൻ ഒരുങ്ങിയപ്പോഴാണ് ധനവകുപ്പ് എതിർപ്പുന്നയിച്ചത്.
കോളേജിനും മോട്ടോർ വാഹനവകുപ്പിനും അനുവദിച്ച തുക ഒരു പദ്ധതിക്ക് ഉപയോഗിക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേകാനുമതി വേണമെന്ന് ധനവകുപ്പ് നിർദേശിച്ചു. ഒന്നരവർഷം കഴിഞ്ഞിട്ടും ഇതിൽ തുടർ നടപടി ഉണ്ടായിട്ടില്ല.
കെ.എസ്.ആർ.ടി.സി.ക്കും സ്വകാര്യമേഖലയ്ക്കും ഏറെ പ്രയോജനകരമായ പദ്ധതിയാണ് സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലെ പാളിച്ചകാരണം തടസ്സപ്പെട്ടത്. ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇ-വാഹനങ്ങളാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാർ പ്രത്യേകനയം പ്രഖ്യാപിച്ചിരുന്നു.
എൻജിൻ മാറ്റി വാഹനത്തിന് യോജ്യമായ ബാറ്ററിയും മോട്ടോറും കൺട്രോൾ യൂണിറ്റും ഘടിപ്പിച്ച് ഇ-വാഹനമാക്കി മാറ്റാം. പുതിയ ഇ-വാഹനങ്ങൾ വാങ്ങുന്നതിനെക്കാൾ ചെലവ് കുറവാണ്. മറ്റു പല സംസ്ഥാനങ്ങളും ഈ വഴിക്ക് വിജയം കണ്ടിട്ടുണ്ട്.
2019-ൽ രാജ്യത്തെ ആദ്യ ഇ-വാഹന നയം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് ഈ മേഖലയിൽ കാര്യമായ ഗവേഷണങ്ങളൊന്നും നടക്കുന്നില്ല. മൂന്നുവർഷം മുൻപ് പ്രഖ്യാപിച്ച ഇ-ബസ് പദ്ധതി മുടങ്ങിയത് ഇതിന്റെ തെളിവാണ്.