
ന്യൂഡല്‍ഹി: 10,683 കോടി രൂപയുടെ ടെക്‌സ്റ്റൈല്‍ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ 1536 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ച 56 അപേക്ഷകര്‍ക്ക് അംഗീകാര പത്രങ്ങള്‍ നല്‍കി. ടെക്‌സ്റ്റൈ്ല്‍ മേഖലയുടെ വളര്‍ച്ചയ്ക്കും എംഎംഎഫ് വസ്ത്രങ്ങള്‍, എംഎംഎഫ് തുണിത്തരങ്ങള്‍, യന്ത്രവത്കൃത തുണിത്തരങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കേന്ദ്രം 10,683 കോടി രൂപയുടെ പിഎല്‍ഐ സ്‌കീം ആരംഭിച്ചത്.
സ്‌കീമിന് കീഴില്‍ 64 അപേക്ഷകരെ തിരഞ്ഞെടുത്തു. 56 അപേക്ഷകര്‍ പുതിയ കമ്പനി രൂപീകരിക്കുന്നതിനുള്ള നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി.അവര്‍ക്ക് അംഗീകാരപത്രങ്ങള്‍ ലഭ്യമാക്കി.
മൊത്തം 1536 കോടി രൂപയുടെ നിക്ഷേപമാണ് ആകര്‍ഷിച്ചത്, കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന പറയുന്നു. ആഭ്യന്തര പരുത്തികൃഷി വ്യവസായം 5 ശതമാനം വര്‍ധിച്ച് 125.02 ലക്ഷം ഹെക്ടറിലെത്തിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ‘കസ്തൂരി കോട്ടണ്‍ ഇന്ത്യ’ എന്ന ഇന്ത്യന്‍ പരുത്തി ബ്രാന്‍ഡ് ആരംഭിച്ചിട്ടുണ്ട്.
യന്ത്രവത്കൃത വിളവെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്. ഇതോടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെലവ് കുറയുകയും ചെയ്യും.സ്പെഷ്യാലിറ്റി ഫൈബര്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സ് എന്നിവയ്ക്കായി 232 കോടി രൂപയുടെ 74 ഗവേഷണ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായും ടെക്‌സ്റ്റൈല്‍ മന്ത്രാലയം അറിയിച്ചു.
നാഷണല്‍ ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍ മിഷനാണ് അംഗീകാരം നല്‍കിയത്.