ന്യൂഡൽഹി: പൊതുഗതാഗതം മെച്ചപ്പെടുത്താന് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച പി.എം. ഇ-ബസ് സേവ പദ്ധതി ആദ്യഘട്ടത്തില് പത്തുസംസ്ഥാനങ്ങളില് നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില് നടപ്പാക്കുന്ന പദ്ധതിക്കായുള്ള ആദ്യ കരാര്രേഖ വിജ്ഞാപനം ചെയ്തു.
3600 ബസുകള് വാങ്ങാനും നടത്തിപ്പിനും പരിപാലനത്തിനുമടക്കമുള്ള കരാറാണ് വിളിച്ചിരിക്കുന്നത്. വാങ്ങുന്ന ബസുകള് 45 നഗരങ്ങളില് ഓടിക്കും.
ബിഹാര്, ചണ്ഡീഗഢ്, ഗുജറാത്ത്, ഹരിയാണ, ജമ്മു-കശ്മീര്, മഹാരാഷ്ട്ര, മേഘാലയ, ഒഡിഷ, പുതുച്ചേരി, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില് കരാര് ക്ഷണിച്ചിരിക്കുന്നത്.
കേരളത്തിലെ 10 നഗരങ്ങള് കേന്ദ്രത്തിന്റെ മുന്ഗണനപ്പട്ടികയിലുള്ളതാണ്. മൊത്തം 169 നഗരങ്ങളുടെ പട്ടികയാണ് നഗരകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. അടുത്തഘട്ടത്തില് കേരളത്തിനും ഇ-ബസുകള് ലഭിച്ചേക്കും.
ഗതാഗത സംവിധാനം പരിസ്ഥിതിസൗഹൃദമാവുകയെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. ഓഗസ്റ്റിലായിരുന്നു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കിയത്. ജനസംഖ്യാടിസ്ഥാനത്തില് തിരഞ്ഞെടുത്ത രാജ്യത്തെ 100 നഗരങ്ങളില് 10,000 ബസുകളിറക്കും.
57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20,000 കോടി രൂപയുടെ കേന്ദ്രസഹായമുണ്ടാകും. ബാക്കി സംസ്ഥാന സര്ക്കാരുകള്, പദ്ധതിയില് ചേരുന്ന സ്വകാര്യപങ്കാളികള് എന്നിവരാണ് വഹിക്കേണ്ടത്.
കേന്ദ്രഭരണപ്രദേശങ്ങള്, വടക്കുകിഴക്കന് മേഖലകള്, മലയോരസംസ്ഥാനങ്ങള് എന്നിവയുടെ തലസ്ഥാനങ്ങളില് 90 ശതമാനം ചെലവും കേന്ദ്രം വഹിക്കും.