
ന്യൂഡല്‍ഹി: ആറാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നാഗ്പൂര്‍ (മഹാരാഷ്ട്ര) റെയില്‍വേ സ്റ്റേഷനിലായിരുന്നു ചടങ്ങ്. ബിലാസ്പൂര്‍ (ഛത്തീസ്ഗഡ്)-നാഗ്പൂര്‍ (മഹാരാഷ്ട്ര) റൂട്ടിലാണ് പുതിയ ട്രെയ്ന്‍ സര്‍വീസ് നടത്തുന്നത്.
ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വേഗതയേറിയ ആക്‌സിലറേഷനും ഡിസെലറേഷനും കാരണം ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ യാത്രാ സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കും.
പുതിയൊരു യാത്രാനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യം വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസ് തുടങ്ങിയത്. പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയ്‌നില്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ശതാബ്ദി ട്രെയിനിലുളളതുപോലെയുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.