ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളുടെ മേൽക്കൂരകളിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ട് ‘പ്രധാനമന്ത്രി സൂര്യോദയ പദ്ധതി’ കേന്ദ്രം പ്രഖ്യാപിച്ചു. അയോധ്യയിൽ നിന്ന് മടങ്ങിയ ശേഷമുള്ള ആദ്യ തീരുമാനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു.
സൂര്യവംശത്തിൽ നിന്നുള്ള ഭഗവാൻ ശ്രീരാമനിൽ നിന്നു പ്രസരിക്കുന്ന വെളിച്ചത്തിൽ നിന്നാണ് ലോകം ഊർജം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബിൽ കുറയ്ക്കുന്നതിനു പുറമേ ഊർജരംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും തീരുമാനം സഹായിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു. പദ്ധതിയുടെ വിശദാംശങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല.
സാധാരണക്കാർക്ക് അധിക വൈദ്യുതി ഉൽപാദനത്തിലൂടെ വരുമാനം നേടാനും ഇതുവഴി അവസരം ലഭിക്കുമെന്ന് കേന്ദ്രവൃത്തങ്ങൾ അറിയിച്ചു. ഇതിനായി ദേശീയ തലത്തിൽ വമ്പൻ ക്യാംപെയ്ൻ ആരംഭിക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി.
നിലവിൽ കേന്ദ്ര സബ്സിഡിയോടെ സോളർ പുരപ്പുറ പദ്ധതിയുണ്ടെങ്കിലും മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞിരുന്നില്ല.
2019ൽ 4 ഗിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ പുരപ്പുറ സോളർ പദ്ധതി (ഫെയ്സ് 2) വഴി 2.65 ഗിഗാവാട്ടിന്റെ പദ്ധതികൾ മാത്രമാണ് വീടുകളിൽ സ്ഥാപിക്കാനായത്. ഫെയ്സ് 2 പദ്ധതിയുടെ കാലാവധി 2026ലേക്ക് നീട്ടുകയും ചെയ്തിരുന്നു.
പുരപ്പുറ സൗരോർജ പദ്ധതി കൂടുതൽ ആകർഷകമാക്കാനാണ് പുതിയ പ്രഖ്യാപനമെന്നാണ് സൂചന.
പുരപ്പുറ സോളർ പദ്ധതിക്കുള്ള കേന്ദ്ര സബ്സിഡി അടുത്തിടയ്ക്ക് 23% കേന്ദ്രം വർധിപ്പിക്കുകയും അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തു.
3 കിലോവാട്ട് ഉൽപാദനശേഷിയുള്ള സോളർ പ്ലാന്റ് സ്ഥാപിക്കുന്നവർക്ക് ഇതുവരെ 43,764 രൂപയാണ് സബ്സിഡിയായി ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ 54,000 രൂപ ലഭിക്കും.