![](https://www.livenewage.com/wp-content/uploads/2023/10/agriculture_820x450.webp)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെറുകിട കർഷകർക്ക് പണ പിന്തുണ വർദ്ധിപ്പിക്കാനുള്ള പദ്ധതി പരിഗണിക്കുന്നു. രാജ്യത്തെ ഒരു പ്രധാന വോട്ടിംഗ് ഗ്രൂപ്പായ കർഷകരിൽ നിന്ന് പിന്തുണ വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ചെറുകിട കർഷകർക്കുള്ള വർഷം തോറുമുള്ള നേരിട്ടുള്ള പണ കൈമാറ്റം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ($ 96) ഉയർത്താനുള്ള ഓപ്ഷനുകൾ സർക്കാർ പരിഗണിക്കുകയാണ്, വിഷയം ഇപ്പോഴും പരിഗണനയിലായതിനാൽ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്, ചർച്ചയെക്കുറിച്ച് അറിവുള്ള രണ്ട് ഉദ്യോഗസ്ഥർ പറഞ്ഞു.
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ, 2024 മാർച്ച് വരെയുള്ള ഈ സാമ്പത്തിക വർഷത്തിൽ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിട്ടുള്ള 600 ബില്യൺ രൂപയ്‌ക്ക് പുറമേ, 200 ബില്യൺ രൂപ കൂടി അധികമായി കണ്ടത്തേണ്ടി വരും.
വിഷയത്തിൽ പ്രതികരിക്കാൻ ധനമന്ത്രാലയ വക്താവ് നാനു ഭാസിൻ വിസമ്മതിച്ചു.
ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളിൽ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ വരാൻ ശ്രമിക്കുന്ന മോദിക്ക് കർഷകർ ഒരു നിർണായക വോട്ടിംഗ് വിഭാഗമാണ്.
അദ്ദേഹം ഒരു ജനപ്രിയ നേതാവായി രാജ്യത്ത് തുടരുന്നുണ്ടെങ്കിലും, 55% വോട്ടർമാർ അദ്ദേഹത്തെ അനുകൂലിക്കുന്നതായി വിവിധ സർവേകൾ സൂചിപ്പിക്കുമ്പോഴും, വർദ്ധിച്ചുവരുന്ന അസമത്വവും തൊഴിലില്ലായ്മയും സംബന്ധിച്ച പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയേക്കാം.
അരി കയറ്റുമതി നിരോധനം പോലെയുള്ള ചില പണപ്പെരുപ്പ നിയന്ത്രണ നടപടികൾ മൂലം ഗ്രാമീണ വരുമാനം ഇടിഞ്ഞതിനെ പിന്നാലെ കർഷകരുടെ വരുമാനം ഉയർത്താൻ സർക്കാർ നീക്കം നടത്തുകയാണ്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ മൺസൂൺ മഴയും ഇന്ത്യയിലെ പ്രധാന വിളകളുടെ ഈ വർഷത്തെ വിളവെടുപ്പിന് ഭീഷണിയായി.
2018 ഡിസംബറിൽ സബ്‌സിഡി പ്രോഗ്രാം ആരംഭിച്ചതുമുതൽ, മോദിയുടെ സർക്കാർ 110 ദശലക്ഷം ഗുണഭോക്താക്കൾക്കായി മൊത്തത്തിൽ 2.42 ട്രില്യൺ രൂപ ഇതിനകം വിതരണം ചെയ്തു. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പ്രോഗ്രാമിന് കീഴിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ഇപ്പോൾ ചർച്ച ചെയ്യുകയാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ നിർദേശങ്ങളിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.
സൗജന്യ ധാന്യ പദ്ധതി അടുത്ത വർഷത്തേക്ക് നീട്ടുക, ചെറിയ നഗര ഭവനങ്ങൾക്ക് സബ്‌സിഡിയുള്ള വായ്പകൾ പരിഗണിക്കുക തുടങ്ങിയ മറ്റ് നടപടികളും ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി പാചകത്തിന് ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ സബ്‌സിഡി വർധിപ്പിക്കാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.