തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
മലയാളിയായ ബഹിരാകാശ യാത്രികനുള്പ്പെടെ നാലുപേരാണ് ഗഗന്യാന് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളിയായ ഗ്രൂപ്പ് കാപ്റ്റന് പ്രശാന്ത് ബാലകൃഷ്ണന് നായര്, ഗ്രൂപ്പ് കാപ്റ്റന് അജിത് കൃഷ്ണന്, ഗ്രൂപ്പ് കാപ്റ്റന് അംഗദ് പ്രതാപ്, വിങ് കമാന്റര് ശുബാന്ഷു ശുക്ല എന്നിവരാണ് ആ നാലുപേര്. ഇതില് മൂന്നുപേരാണ് ഗഗന്യാന് പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്ത്തിയായി.
2025-ല് ഗഗന്യാന് ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും.
ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന് രാജ്യങ്ങളില് ബഹിരാകാശ സൂപ്പര് പവറായി രാജ്യം മാറും.
ബഹിരാകാശ സഞ്ചാരികളെ കാണാന് സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നില് അവതരിപ്പിക്കാന് സാധിച്ചതിലും സന്തോഷമുണ്ട്. ഈ നാല് പേരുകള് നാല് മനുഷ്യര് മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്.
40 വര്ഷങ്ങള്ക്കുശേഷം ഭാരതീയന് ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മളുടേതാണ്, കൗണ്ട് ഡൗണ് നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്’, പ്രധാനമന്ത്രി പറഞ്ഞു.