ന്യൂഡല്‍ഹി: ഒക്ടോബര്‍ 1 മുതല്‍ 5ജി സേവനങ്ങള്‍ ലഭ്യമാകും. പ്രഗതി മൈതാനിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സേവനങ്ങള്‍ സമര്‍പ്പിക്കുക. “ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനവും കണക്റ്റിവിറ്റിയും പുതിയ ഉയരങ്ങളിലേക്ക്. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സേവനങ്ങള്‍ അവതരിപ്പിക്കും,” നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വീറ്റില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമാണ് പ്രഗതി മൈതാനിയില്‍ നടക്കുക.
ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാരതി എയര്‍ടെല്ലിന്റെ സുനില്‍ മിത്തല്‍, വോഡഫോണ്‍ ഐഡിയ ഇന്ത്യ മേധാവി രവീന്ദര്‍ തക്കര്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
ഡല്‍ഹി, മുംബൈ ഉള്‍പ്പടെയുള്ള ഏഴ് നഗരങ്ങളിലായിരിക്കും റിലയന്‍സ് ജിയോ, എയര്‍ടെല്‍, വിഐ എന്നീ കമ്പനികള്‍ ജിയോ അവതരിപ്പിക്കുക. 5 ജി സ്‌പെക്രത്തിനായി 1.50 ലക്ഷം കോടി രൂപയുടെ ബിഡുകളാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന് (ഡിഒടി) ലഭിച്ചത്. റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയാണ് പ്രധാന പങ്കാളികള്‍.
ഒക്ടോബറോടെ 5ജി സേവനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തും. 100 എംബിപിഎസാണ് 5 ജി വേഗത.
അത് വ്യത്യാസപ്പെടാം. 60-70 എംബിപിഎസ് പരിധിയാണ് 4ജിയുടേത്. 5 ജി പ്രവര്‍ത്തനക്ഷമമാകുന്നതോടെ അതിവേഗ ഡാറ്റ, മെഷീന്‍ടുമെഷീന്‍ ആശയവിനിമയങ്ങള്‍, ആഴത്തിലുള്ള ഓഗ്‌മെന്റഡ് റിയാലിറ്റി, മെറ്റാവേര്‍സ് അനുഭവങ്ങള്‍ സാധ്യമാകും.