പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായമാകുന്നതാണ് പദ്ധതി.
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ(QHEI) അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് ജാമ്യമോ ഈടോ ഇല്ലാതെ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി.
എൻഐആർഎഫ് റാങ്കിങിൽ ആദ്യ 100 സ്ഥാനങ്ങളിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളിലും ഉൾപ്പെട്ട രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയിൽപെടും.
എല്ലാ ഉന്ന വിദ്യാഭ്യാസ – സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും 101 മുതൽ 200 വരെ സ്ഥാനങ്ങളിലെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനും ഈ വായ്പ ലഭിക്കും.
ഏഴര ലക്ഷം വരെയാണ് പരമാവധി ലോൺ തുക. കുടിശികയുള്ള തുകയുടെ 75 ശതമാനം ക്രെഡിറ്റ് ഗ്യാരൻ്റിക്കും വിദ്യാർത്ഥിക്ക് അർഹതയുണ്ട്. ഈ വായ്പ വേണ്ട വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപ കവിയരുത്.
മറ്റേതെങ്കിലും സർക്കാർ സ്കോളർഷിപ്പോ, പലിശയിളവുള്ള പദ്ധതികളുടെ ആനുകൂല്യങ്ങളോ പറ്റുന്നവരുമാകരുത്. ഇത്തരം വായ്പയ്ക്ക് മൂന്ന് ശതമാനം വരെ പലിശയിളവും 10 ലക്ഷം വരെ മൊറട്ടോറിയം കാലയളവിൽ നൽകുകയും ചെയ്യും.
പിഎം വിദ്യാലക്ഷ്മി എന്ന പേരിൽ പദ്ധതിക്കായി പ്രത്യേക വെബ്സൈറ്റ് തുറന്നിട്ടുണ്ട്. ഇതുവഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.