ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അനുബന്ധ സ്ഥാപനം പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് അവകാശ ഓഹരികള്‍ പുറത്തിറക്കുന്നു. 2500 കോടി രൂപയുടെ റൈറ്റ് ഇഷ്യുവിന് മാര്‍ക്കറ്റ് റെഗുലേറ്റര്‍, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കി. നിലവിലെ ഓഹരിയുടമകള്‍ക്ക് അവകാശ ഓഹരികള്‍ ഇഷ്യു ചെയ്യുമെന്ന് കമ്പനി സമര്‍പ്പിച്ച ഡ്രാഫ്റ്റ് രേഖകള്‍ പറയുന്നു.
മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം വാര്‍ത്തയ്ക്ക് ഓഹരിയെ ഉയര്‍ത്താനായില്ല. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി ചൊവ്വാഴ്ച 8.73 ശതമാനം ഇടിവ് നേരിട്ടു.
നിലവില്‍ 534.80 രൂപയിലാണ് സ്റ്റോക്കില്‍ ട്രേഡ് നടക്കുന്നത്. 4000 കോടി രൂപയുടെ ഇക്വിറ്റി മൂലധന സമാഹരണത്തിന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് നേരത്തെ ശ്രമിച്ചിരുന്നു. ഇതിനായി പങ്കാളിത്ത സ്ഥാപനമായ കാര്‍ലൈല്‍ ഗ്രൂപ്പുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.
എന്നാല്‍ ഒക്ടോബര്‍ 2021 ല്‍ കമ്പനി ഓഹരി വില്‍പന പദ്ധതി യില്‍ നിന്നും പിന്മാറി. ഈ ഇടപാടില്‍ കാര്‍ലൈല്‍ ഗ്രൂപ്പുമായി നിയമനടപടികള്‍ നടക്കുകയാണ്.