ഡൽഹി: 2022 സെപ്തംബർ പാദത്തിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ അറ്റാദായം 62.8 ശതമാനം ഇടിഞ്ഞ് 411.3 കോടി രൂപയായി കുറഞ്ഞു. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 1,105.2 കോടി രൂപയായിരുന്നതായി പിഎൻബി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
പിഎൻബിയുടെ മൊത്തവരുമാനം ഒരു വർഷം മുമ്പുള്ള കാലയളവിലെ 21,262.32 കോടിയിൽ നിന്ന് 23,001.26 കോടി രൂപയായി ഉയർന്നപ്പോൾ അറ്റ പലിശ വരുമാനം (എൻഐഐ) അവലോകന പാദത്തിൽ 30.2 ശതമാനം വർധിച്ച് 8,271 കോടി രൂപയായി. പ്രസ്തുത പാദത്തിൽ വായ്പ ദാതാവിന്റെ പലിശ വരുമാനം 20,154 കോടി രൂപയാണ്.
കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്ത പ്രവർത്തനരഹിത ആസ്തി (എൻപിഎ) മൊത്ത അഡ്വാൻസുകളുടെ 10.48 ശതമാനമായി കുറഞ്ഞു. സമാനമായി അറ്റ എൻപിഎ 5.49 ശതമാനത്തിൽ നിന്ന് 3.80 ശതമാനമായി. ചൊവ്വാഴ്ച, പിഎൻബി ഓഹരി 4.34 ശതമാനം ഇടിഞ്ഞ് 41 രൂപയിലെത്തി.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ബാങ്കിന് 180 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 12,248 ശാഖകളും 13,000+ എടിഎമ്മുകളുമുണ്ട്.