ഡൽഹി: അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസിന്റെ എൻപിഎ അക്കൗണ്ട് വിൽപ്പനയ്ക്ക് വച്ച് സർക്കാർ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി). കമ്പനി ബാങ്കിന് വായ്പ കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത് 44 കോടി രൂപയാണ്. ഇപ്പോൾ ബാങ്ക് അപ്പോളോ ഡിസ്റ്റിലറീസ് & ബ്രൂവറീസിന്റെ ലോൺ അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനായി അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികളിൽ (ARCs) നിന്ന് ബിഡ്ഡുകൾ ക്ഷണിച്ചു.
എആർസികൾക്ക് അവരുടെ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 31 ആണെന്നും, ഇതിന്റെ സൂക്ഷ്മപരിശോധന സെപ്റ്റംബർ 7-നകം പൂർത്തിയാകുമെന്നും 100 ശതമാനം പണത്തിന്റെ അടിസ്ഥാനത്തിലാണ് ലേലം നടക്കുകയെന്നും വായ്പ ദാതാവ് പ്രസ്താവനയിൽ പറഞ്ഞു. വിൽപ്പനയ്ക്കായി ഇ-ബിഡ്ഡിംഗ് നടത്താനുള്ള താൽക്കാലിക തീയതി സെപ്റ്റംബർ 12 ആണ്.
ചെന്നൈ ആസ്ഥാനമായുള്ള എംപീ ഡിസ്റ്റിലറീസ് ലിമിറ്റഡിന്റെ (ഇഡിഎൽ) ഒരു സബ്സിഡിയറി കമ്പനിയാണ് അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് ലിമിറ്റഡ്(എഡിപിഎൽ), ഇതിന് തമിഴ്നാട്ടിൽ പ്രതിവർഷം 50,000 കിലോ ലിറ്റർ സ്ഥാപിത ശേഷിയുള്ള ഒരു ഡിസ്റ്റിലറി പ്ലാന്റ് സ്വന്തമായുണ്ട്. ഇഡിഎൽ നിലവിൽ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് (ഐബിസി) പ്രകാരമുള്ള പരിഹാര പ്രക്രിയ്ക്ക് കീഴിലാണ്.