
മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 67.03% ഉയർന്ന് 21.73 കോടി രൂപയായതായി പൊന്നി ഷുഗേഴ്‌സ് (ഈറോഡ്) ലിമിറ്റഡ് അറിയിച്ചു. ഈ കാലയളവിലെ കമ്പനിയുടെ വരുമാനം 149.95 കോടി രൂപയാണ്. അതേപോലെ സ്ഥാപനത്തിന്റെ നികുതിക്ക് മുമ്പുള്ള ലാഭം 25.90 കോടി രൂപയായിരുന്നു.
പ്രസ്തുത പാദത്തിൽ മൊത്തം ചെലവ് 131.98 കോടി രൂപയായി വർധിച്ചു. അതിൽ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 14.5 ശതമാനം വർധിച്ച് 93.21 കോടി രൂപയായപ്പോൾ ജീവനക്കാരുടെ ചെലവ് 10.8 ശതമാനം ഉയർന്ന് 5.15 കോടി രൂപയായി.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാനും നിലനിർത്താനും കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ഇന്ത്യയിലെ പ്രമുഖ പഞ്ചസാര നിർമ്മാതാക്കളാണ് പൊന്നി ഷുഗേഴ്‌സ് (ഈറോഡ്). കമ്പനി അതിന്റെ ഉൽപ്പനങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വിതരണം ചെയ്യുന്നു. ഈ ഫല പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 18.07% ഉയർന്ന് 286.80 രൂപയിലെത്തി.