
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി എന്‍സിഎആര്‍ ഡയറക്ടര്‍ ജനറല്‍ പൂനം ഗുപ്തയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ജനുവരിയില്‍ എംഡി പത്ര സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
ആര്‍ബിഐയില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഗുപ്തയെ നിയമിക്കാന്‍ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍, ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക നയ വിദഗ്ദ്ധ സംഘമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ (എന്‍സിഎഇആര്‍) ഡയറക്ടര്‍ ജനറലാണ് ഗുപ്ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗവും 16-ാമത് ധനകാര്യ കമ്മീഷന്റെ ഉപദേശക സമിതിയുടെ കണ്‍വീനറുമാണ് അവര്‍.
ഐഎംഎഫിലും ലോക ബാങ്കിലും ഏകദേശം രണ്ട് പതിറ്റാണ്ടോളം മുതിര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം 2021 ല്‍ അവര്‍ എന്‍സിഎഇആറില്‍ ചേര്‍ന്നു.
ഗുപ്ത അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കൂടാതെ ഡല്‍ഹി സര്‍വകലാശാലയിലെ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിലെ പിഎച്ച്ഡിക്ക് 1998 ലെ എക്‌സിം ബാങ്ക് അവാര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു.