
മുംബൈ: അഡാർ പൂനവല്ലയുടെ നിയന്ത്രണത്തിലുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ പൂനവല്ല ഫിൻകോർപ്പ്, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വിതരണം 44 ശതമാനം ഉയർന്നതായി അറിയിച്ചു. ഏകീകൃത അടിസ്ഥാനത്തിൽ 3,720 കോടി രൂപയായിരുന്നു കമ്പനിയുടെ മൊത്തം വിതരണം. തുടർച്ചയായ അടിസ്ഥാനത്തിൽ ഇത് 8 ശതമാനം ഉയർന്നു.
അവലോകന കാലയളവിലെ മൊത്തം വിതരണങ്ങളിൽ 97 ശതമാനവും ഓർഗാനിക് വിതരണമാണ് സംഭാവന ചെയ്തത്. അസറ്റ് മാനേജ്‌മെന്റ് രംഗത്ത്, കമ്പനിയുടെ എയൂഎം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം ഉയർന്ന് 18,550 കോടി രൂപയായി.
കമ്പനിയുടെ ഭവനവായ്പ ഉപസ്ഥാപനമായ പൂനവല്ല ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന് (PHFL) 2022 സെപ്തംബർ വരെ ഏകദേശം 5,600 കോടി രൂപയുടെ എയൂഎം ഉണ്ട്.
കമ്പനിയുടെ മൊത്ത, അറ്റ നിഷ്‌ക്രിയ ആസ്തി യഥാക്രമം 1.6 ശതമാനത്തിനും 0.9 ശതമാനത്തിനും താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പൂനവല്ല ഫിൻകോർപ്പ് പറഞ്ഞു. മാനേജ്‌മെന്റ് വിഷൻ 2025-ന് അനുസൃതമായി എൻപിഎ 1 ശതമാനത്തിൽ താഴെ നിലനിർത്താൻ കമ്പനി ശ്രമിക്കുമെന്ന് പൂനവല്ല ഫിൻകോർപ്പ് കൂട്ടിച്ചേർത്തു.
അഡാർ പൂനവല്ലയുടെ നിയന്ത്രണത്തിലുള്ള റൈസിംഗ് സൺ ഹോൾഡിംഗ്‌സിന് കമ്പനിയിൽ 61.49 ശതമാനം ഓഹരിയുണ്ട്. പൂനവല്ല ഫിൻകോർപ്പ് ഓഹരികൾ 1.08 ശതമാനം ഉയർന്ന് 325.55 രൂപയിലെത്തി.