
കൊച്ചി: 2022 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ (Q1FY23) അറ്റാദായം 118 ശതമാനം (YoY) വർധിച്ച് 141 കോടി രൂപയായതായി അറിയിച്ച് പൂനവല്ല ഫിൻകോർപ്പ് ലിമിറ്റഡ്. 2021 ജൂണിൽ അവസാനിച്ച പാദത്തിൽ (Q1FY22) 64.5 കോടി രൂപയും 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ 119 കോടി രൂപയുമായിരുന്നു കമ്പനിയുടെ ഏകീകൃത ലാഭം. അതേസമയം ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.52 ശതമാനം ഇടിഞ്ഞ് 271.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
പൂനവല്ല ഫിൻകോർപ്പിന്റെ എൻഐഎമ്മുകൾ വർഷം തോറും 155 ബേസിസ് പോയിന്റ് ഉയർന്ന് 9.5 ശതമാനത്തിലെത്തി. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ ഇത് ഏഴ് ബേസിസ് പോയിന്റിന്റെ ഇടിവ് രേഖപ്പെടുത്തി. കമ്പനിയുടെ കടമെടുക്കുന്നതിനുള്ള ചെലവ് ഒരു വർഷം മുൻപത്തെ 9.6 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി കുറഞ്ഞു.
പൂനെ ആസ്ഥാനമായുള്ള ഫിനാൻസ് കമ്പനിയുടെ മാനേജ്‌മെന്റ് ആസ്തി (എയുഎം) 22.4 ശതമാനം വർധിച്ച് 17,660 കോടി രൂപയായപ്പോൾ, ഒന്നാം പാദത്തിലെ വിതരണം 3,436 കോടി രൂപയായിരുന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികൾ (ജിഎൻപിഎ) ഒരു വർഷം മുമ്പുള്ള 5.38 ശതമാനത്തിൽ നിന്ന് 2.19 ശതമാനമായതോടെ സ്ഥാപനത്തിന്റെ അസറ്റ് ക്വാളിറ്റി പ്രൊഫൈൽ മെച്ചപ്പെട്ടു. കമ്പനിയുടെ പ്രൊവിഷൻ കവറേജ് അനുപാതം 57 ശതമാനമാണ്.