കൊച്ചി: കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹന ഡീലര്‍ ആയ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വീസസിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് 12ന് ആരംഭിക്കും.
മാര്‍ച്ച് 14 വരെയാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 280-295 രൂപയാണ് ഇഷ്യു വില. 50 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. മാര്‍ച്ച് 19ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐപിഒ വഴി 600 കോടി രൂപയാണ് സമാഹരിക്കുന്നത്. 250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 350 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്.
ഉയര്‍ന്ന ഓഫര്‍ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 1450 കോടി രൂപയായിരിക്കും. 69.45 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത്.
പ്രൊമോട്ടര്‍മാരായ ജോണ്‍ കെ. പോള്‍, ഫ്രാന്‍സിസ് കെ. പോള്‍, നവീന്‍ ഫിലിപ് എന്നിവര്‍ 23.15 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നു. ബാക്കി ഓഹരികള്‍ ബന്യന്‍ ട്രീ ഉള്‍പ്പെടെയുള്ള പബ്ലിക് ഷെയര്‍ ഹോള്‍ഡര്‍മാരുടെ കൈവശമാണ്.
ബന്യന്‍ ട്രീയാണ് കമ്പനിയിലെ നിലവിലുള്ള ഏറ്റവും വലിയ ഓഹരിയുടമ. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.
ഒരു കോടി ഓഹരികള്‍ കമ്പനിയുടെ ജീവനക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്.
പോപ്പുലര്‍ വെഹിക്കിള്‍സ് ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 192 കോടി രൂപ കമ്പനിയുടെയും സബ്‌സിഡറികളുടെയും കടം തിരിച്ചടക്കുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
637.06 കോടി രൂപയാണ് കമ്പനിയുടെ മൊത്തം കടം.
പുതിയ വാഹനങ്ങളുടെ വില്‍പ്പന, സര്‍വീസും അറ്റക്കുറ്റപ്പണികളും, സ്‌പെയര്‍ പാര്‍ട്‌സിന്റെ വിതരണം, ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന എന്നിവയ്‌ക്കു പുറമെ ഡ്രൈവിംഗ് സ്‌കൂളുകളുടെ നടത്തിപ്പും ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പ്പനയും കമ്പനി നിര്‍വഹിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 64.07 കോടി രൂപയാണ്. 90.3 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്. 40.65 ശതമാനം വളര്‍ച്ചയോടെ 4875 കോടി രൂപ പ്രവര്‍ത്തന വരുമാനം കൈവരിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറ് മാസം വരുമാനം 2835 കോടി രൂപയും ലാഭം 40 കോടി രൂപയുമാണ്.