
പാലക്കാട്: രാസവളം വ്യാപാരത്തിന്റെ ലൈസൻസ് പുതുക്കി പുതിയ ആൻഡ്രോയ്ഡ് പിഒഎസ് മെഷീനുകൾ നൽകാനുള്ള നടപടി വൈകുന്നതു വളം വിൽപനയെ ബാധിക്കുന്നു. കർഷകർക്കു രാസവളം നൽകാൻ കഴിയുന്നില്ലെന്നു ഡീലർമാർ പറയുന്നു.
സ്വകാര്യ ഡീലർമാർ, സഹകരണസംഘങ്ങൾ, മിക്സിങ് യൂണിറ്റുകൾ എന്നിവിടങ്ങളിലായി നാലായിരത്തോളം പിഒഎസ് മെഷീനുകളാണു മാറ്റി നൽകേണ്ടത്.
ആധാർ ബന്ധിത രാസവളം വിൽപനയ്ക്കായി 2017 മുതൽ പിഒഎസ് മെഷീനുകൾ ഏർപ്പെടുത്തിയെങ്കിലും അവ കാര്യക്ഷമമല്ലായിരുന്നു. സെർവർ, സോഫ്റ്റ്‌വെയർ തകരാറുകൾ പതിവായതോടെ കർഷകർക്കു കൃത്യസമയത്തു വളം കിട്ടാതായി.
അതോടെ, കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ നിർദേശപ്രകാരം എല്ലാ പിഒഎസ് മെഷീനുകളും ആൻഡ്രോയ്ഡിലേക്കു മാറ്റാൻ തീരുമാനിച്ചു.
കൈമാറ്റം 2024 ഓഗസ്റ്റ് 31നു പൂർത്തിയാക്കുമെന്നു പറയുകയും പിന്നീട് ഡിസംബർ 31 വരെ നീട്ടുകയും ചെയ്തെങ്കിലും ഇപ്പോഴും നടപടികൾ എവിടെയുമെത്തിയില്ല. അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റാതിരിക്കാനാണ് ആധാർ ബന്ധിത പിഒഎസ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയത്.
7 വർഷമായിട്ടും ന്യൂനതകൾ പരിഹരിക്കാൻ കഴിയാത്തതു കേന്ദ്രസർക്കാരിന്റെയും കമ്പനികളുടെയും വീഴ്ചയാണെന്ന് അഗ്രോ ഇൻപുട് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുബി ഭാസ്കരൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് എത്ര ലൈസൻസ്ഡ് ഡീലർമാരുണ്ടെന്നോ ഏതൊക്കെ കമ്പനികളുടെ ഡീലർഷിപ് അവർക്കുണ്ടെന്നോ കൃത്യമായ വിവരമില്ല. വ്യാജ ഐഡികളുമുണ്ട്.
ഡീലർമാരുടെ ലൈസൻസ് വിവരങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് പുതിയ പിഒഎസ് മെഷീൻ അനുവദിക്കാനാണു ശ്രമം. അതുകൊണ്ടാണു വൈകുന്നതെന്നു കമ്പനികൾ പറയുന്നു.