ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് പദത്തിലേറുന്ന ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടാലും യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ലെന്ന് ജെറോം പവൽ പറഞ്ഞു.
2017ൽ ട്രംപ് പ്രസിഡന്റ് ആയിരിക്കേയാണ് ജെറോം പവലിന്റെ നിയമനം. 2026 വരെ കാലാവധിയുമുണ്ട്. ഇരുവരും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നത് പരസ്യവുമാണ്.
ട്രംപ് ആവശ്യപ്പെട്ടാൽ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു പവലിന്റെ പ്രതികരണം. അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്ന് പവൽ പറഞ്ഞു.
പലിശഭാരം കുറച്ചുനിർത്തുകയെന്ന ആവശ്യമാണ് ട്രംപ് നിരന്തരം ഉയർത്തുന്നത്. ഇതിനോട് പവൽ യോജിക്കാതിരുന്നതാണ് ട്രംപിന്റെ കഴിഞ്ഞ പ്രസിഡന്റ് കാലയളവിൽ ഇരുവരും തമ്മിലെ പിണക്കത്തിന് വഴിവച്ചത്.
പവലിനെ പുറത്താക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് കോവിഡ് കാലത്ത് ട്രംപ് പറഞ്ഞിരുന്നെങ്കിലും പുറത്താക്കൽ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
ട്രംപ് വീണ്ടും പ്രസിഡന്റ് ആകുന്നത് യുഎസ് ഫെഡിന്റെ നയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പവൽ വ്യക്തമാക്കി.